പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാലത്തെ ആസ്പദമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രം ‘ചലോ ജീത്തേ ഹേ’ രാഷ്ട്രപതി ഭവനിലും രാജ്യസഭ സെക്രട്ടറിയേറ്റിലും പ്രദര്‍ശിപ്പിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സാന്നിദ്ധ്യത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രാജ്യസഭ സെക്രട്ടറിയേറ്റിലെ പ്രദര്‍ശനത്തിന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, രവിശങ്കര്‍ പ്രസാദ്, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ജയന്ത് സിന്‍ഹ, ജെപി നദ്ദ എന്നിവരെത്തി. ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിലും ബുധനാഴ്ച രാജ്യസഭാ സെക്രട്ടറിയേറ്റിലും പ്രദര്‍ശനങ്ങള്‍ നടന്നു.

32 മിനുട്ട് ദൈര്‍ഘ്യ ചിത്രം നരേന്ദ്രമോദിയുടെ ജീവിതമാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും അത് തന്നെയാണ് പറയുന്നത് എന്ന് രാജ്യസഭ സെക്രട്ടറിയേറ്റില്‍ നിന്നുള്ള ചില ഔദ്യോഗികവൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കി.

മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുമ്പോളാണ് ഒരാള്‍ യഥാര്‍ത്ഥത്തില്‍ വിജയിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ നാരു എന്നു പേരായ കുട്ടിയുടെ കഥയാണ് ‘ചലോ ജീത്തേ ഹേ’ എന്ന് സംവിധായകന്‍ മങ്കേഷ് ഹഡവാലേ പറയുന്നു. ‘മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയും മറ്റുള്ളവര്‍ക്ക് വേണ്ടി ജയിക്കുകയും ചെയ്യുന്നവര്‍ മാത്രമേ ജീവിക്കുകയും ജയിക്കുകയും ചെയ്യുന്നുള്ളൂ” എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളാല്‍ പ്രചോദിതനായ കുട്ടിയാണ് നാരു എന്ന് സംവിധായകന്‍ പറയുന്നു.

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് നരേന്ദ്രമോദിയുടെ ജീവിതവുമായി നിരവധി സാമ്യങ്ങളുണ്ടെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

ചിത്രത്തെ പ്രശംസിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദും മന്ത്രിമാരായ പിയൂഷ് ഗോയലും രവിശങ്കര്‍ പ്രസാദും രംഗത്തെത്തി. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് ‘ചലോ ജീത്തേ ഹേ’ തയ്യാറാക്കിയിട്ടുള്ളതെന്ന് സൂചനയുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ