താരങ്ങളുടെ വീടുകളുടെയും ഫ്ളാറ്റുകളുടെയും ചിത്രങ്ങൾ കാണാൻ ആരാധകർക്ക് ഏറെയിഷ്ടമാണ്. ഇപ്പോഴിതാ, ബോളിവുഡ് താരം സോനം കപൂറിന്റെ ലണ്ടനിലെ ആഢംബര ഫ്ളാറ്റിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് സോനത്തിന്റെയും ഭർത്താവ് ആനന്ദ് അഹൂജയുടെയും ഫ്ളാറ്റ്. അടുത്തിടെ ആർക്കിടെക്ചറൽ ഡൈജസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സോനം തന്റെ ഫ്ളാറ്റിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. സ്റ്റൈലിഷ് ഡിസൈനിലുള്ള ഫ്ളാറ്റിന്റെ ഏതാനും ചിത്രങ്ങളും സോനം പങ്കുവച്ചിട്ടുണ്ട്. ആർക്കിടെക്റ്റ് റൂഷാദ് ഷ്റോഫ് ആണ് ഈ ഫ്ളാറ്റിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.
“ഞാനും ആനന്ദ് അഹൂജയും ആദ്യമായി ഈ ഫ്ളാറ്റിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഒരു വീടിന്റെ ഫീലാണ് അനുഭവപപ്പെട്ടത്. രണ്ടു ബെഡ് റൂമുകൾ അടങ്ങിയ ഈ ഫ്ളാറ്റ് നോട്ടിംഗ് ഹില്ലിലാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഞങ്ങളുടെ ജീവിതം ഇവിടെയാണ്. ഈ സ്പേസ് കണ്ടപ്പോൾ തന്നെ, മനസ്സിനിണങ്ങിയ രീതിയിൽ റൂഷാദ് ഡിസൈൻ ഒരുക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഒന്നിച്ചു സഹകരിക്കുക എന്നത് ഞാനും റൂഷാദും എല്ലായ്പ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ്. ഓരോ വ്യക്തികളുടെയും ആവശ്യങ്ങൾക്കും വ്യക്തിഗതമായ അഭിരുചികൾക്കും അനുസരിച്ച് ഒരു സ്ഥലം ഡിസൈൻ ചെയ്യുന്നതിൽ അദ്ദേഹം വളരെ സമർത്ഥനാണ്,” സോനം പറയുന്നു.
“അകത്തളങ്ങളിൽ ധാരാളം നിറങ്ങൾ വേണമെന്നത് എന്നെ സംബന്ധിച്ച് പ്രധാനമായിരുന്നു. എന്റെ കാഴ്ചപ്പാടിന് അനുസരിച്ച് വീടിനകത്തും ഒരു ഔട്ട് ഡോർ ഫീൽ കൊണ്ടുവരാൻ റൂഷാദ് സഹായിച്ചു. പച്ച, നീല, ജ്വല്ലറി നിറങ്ങൾ എന്നിവയുടെ സമൃദ്ധി ഇന്റീരിയറിന് അകത്ത് കാണാം. വർഷങ്ങൾ കൊണ്ട് എന്റെ അഭിരുചികൾ മാറിയിട്ടുണ്ട്, അതിനാൽ തന്നെ ഊഷ്മളമായ ടെക്സ്ചറുകൾ, ഫാബ്രിക്സ്, വാൾ പേപ്പറുകൾ, വിന്റേജ് ലുക്കിലുള്ള പരവതാനികൾ, ഷാൻഡ്‌ലിയറുകൾ എന്നിവയെല്ലാം ഡിസൈനിന്റെ ഭാഗമായി ഉൾപ്പെടുത്തി.”
“ഇന്ത്യൻ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന അലങ്കാരങ്ങൾക്കും ഫർണിച്ചറുകൾക്കുമൊപ്പം തന്നെ മോഡേൺ ആർട്ടും ഒത്തിണങ്ങുന്ന ഒരു ബാലൻസിംഗ് ഡിസൈനാണ് ഞാൻ ആഗ്രഹിച്ചത്. വീട്ടിൽ നിന്നും അകന്നു കഴിയുന്നത് ചില സമയങ്ങളിൽ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാൽ സൗന്ദര്യവും പ്രൗഢിയുമുള്ള ഇന്ത്യൻ ഹെറിറ്റേജ് ഡിസൈനും ബ്രിട്ടീഷ് ആർക്കിടെക്ചറുമായി വിവാഹം കഴിച്ചു എന്നു പറയാവുന്ന രീതിയിലൊരു അത്ഭുതകരമായ ഡിസൈനാണ് റൂഷാദ് ഒരുക്കിയത്. ഇന്ത്യ എന്റെ ആത്മാവായിരിക്കെ, ലണ്ടനിൽ എന്റെ ഹൃദയമുണ്ട്, ”തന്റെ ഫ്ലാറ്റിന് എന്തുകൊണ്ട് സവിശേഷമായ ഡിസൈൻ സ്വീകരിച്ചുവെന്നത് സോനം വിശദീകരിക്കുന്നു.
വളരെ ലളിതമായ ഡിസൈനിലാണ് കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നത്. അതേസമയം കാബിനറ്റുകളിലും വാർഡ്രോബുകളിലും സങ്കീർണ്ണമായ ഡിസൈൻ രീതികൾ കാണാം. ലിവിംഗ് റൂമിനെയും ബെഡ് റൂമൂകളെയും ബന്ധിപ്പിക്കുന്ന വരാന്തയിലും പച്ച, നീല നിറങ്ങളുടെ സാന്നിധ്യം കാണാം.
സോനത്തിന്റെ ലണ്ടൻ ഓഫീസ്
ലണ്ടനിലെ തന്റെയും ആനന്ദിന്റെയും ഓഫീസ് ചിത്രങ്ങളും സോനം ഷെയർ ചെയ്തിട്ടുണ്ട്. മൂന്നു നിലയുള്ള ബിൽഡിംഗിനെ വളരെ നിറപ്പകിട്ടാർന്ന രീതിയിലാണ് ഡിസൈൻ ചെയ്തെടുത്തിരിക്കുന്നത്.
സോനത്തിന്റെ സുഹൃത്തായ നിഖിൽ മൻസാറ്റയാണ് ഈ ഓഫീസിന്റെ ഡിസൈൻ ഒരുക്കിയത്. സൗത്ത് ഏഷ്യൻ പാരമ്പര്യത്താടും കരകൗശലവിദ്യയോടും കലയോടുമുള്ള പ്രണയം ഈ ഡിസൈനിൽ തെളിഞ്ഞു കാണാമെന്നാണ് സോനം പറയുന്നത്.
Read more: ജനലിനപ്പുറം മലനിരകൾ; ബോളിവുഡ് താരത്തിന്റെ മനോഹര വീടിന്റെ ദൃശ്യങ്ങൾ കാണാം