സൈബർ ലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതു മുതൽ പാപ്പരാസികളും ഇവർക്കു പിറകെയാണ്. ഇരുവരുടെയും വിവാഹജീവിതം മൂന്നു വർഷം പിന്നിടുമ്പോഴും സമൂഹമാധ്യമങ്ങളിലെ സെൻസേഷൻ താരങ്ങൾ തന്നെയാണ് ഇരുവരും.
ഇപ്പോഴിതാ, പ്രിയങ്കയുടെയും നിക്കിന്റെയും ന്യൂ ഇയർ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. ഒരു ആഡംബര നൗകയിൽ ന്യൂ ഇയർ ആഘോഷമാക്കി പ്രിയങ്കയും നിക്കുംയിൽ അവധിക്കാലം ആഘോഷമാക്കുകയാണ് ഇരുവരും. നിക്കിനൊപ്പം അമേരിക്കയിലാണ് ഇപ്പോൾ പ്രിയങ്കയുള്ളത്. ജീവിതം ആഘോഷമാക്കുമ്പോൾ, സ്വർഗ്ഗം എന്നീ ക്യാപ്ഷനുകളോടെയാണ് പ്രിയങ്ക ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
യാത്രകളും ജോലി സംബന്ധമായ തിരക്കുകളും കാരണം പലപ്പോഴും അകന്നിരിക്കുന്ന ദമ്പതികളാണ് പ്രിയങ്കയും നിക്കും. പ്രൊഫഷണൽ പ്രതിബദ്ധതകൾ അകന്നിരിക്കേണ്ടി വരുമ്പോഴും ഒന്നിച്ചു കൂടുന്ന അവസരങ്ങൾ ആഘോഷമാക്കാൻ ഇരുവരും മറക്കാറില്ല.
ഇടയ്ക്ക്, സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് പ്രിയങ്ക ജോനാസ് എന്ന പേര് ഒഴിവാക്കിയപ്പോൾ ഇരുവരും ഡിവോഴ്സിനു ഒരുങ്ങുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. ‘ഇത് സോഷ്യൽ മീഡിയ മാത്രമാണ്. ജസ്റ്റ് കൂൾ’ എന്നാണ് പ്രിയങ്ക അഭ്യൂഹങ്ങളോട് പ്രതികരിച്ചത്. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഒരേ ഉപയോക്തൃനാമം നിലനിർത്താൻ ആഗ്രഹിച്ചതുകൊണ്ടാണ് താൻ ഈ മാറ്റം വരുത്തിയതെന്ന് പ്രിയങ്ക വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ ആളുകൾക്ക് ഇത്ര വലിയ പ്രശ്നമായി മാറുന്നത് എങ്ങനെയാണെന്ന് മനസ്സിലാവുന്നില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
ദി മാട്രിക്സ് റിസറക്ഷൻസ് ആണ് പ്രിയങ്കയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം. ഡിസംബർ മുഴുവൻ ഈ സിനിമയുടെ പ്രമോഷനുമായി തിരക്കിലായിരുന്നു. റുസ്സോ ബ്രദേഴ്‌സ് നിർമ്മിച്ച സിറ്റാഡൽ, ഫർഹാൻ അക്തറിനൊപ്പം അഭിനയിക്കുന്ന ‘ജീ ലെ സറാ’ എന്നിവയാണ് പ്രിയങ്കയുടെ പുതിയ ചിത്രങ്ങൾ.