ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രിയാണ് മഞ്ജു പിള്ള. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളം സിനിമയിൽ തിളങ്ങി നിൽക്കുകയാണിപ്പോൾ മഞ്ജു പിള്ള.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ മഞ്ജു തന്റെ ഗൃഹപ്രവേശത്തിന്റെ ചിത്രം കുറച്ച് നാളുകൾക്ക് മുൻപ് പങ്കുവച്ചിരുന്നു. പ്രിയപ്പെട്ടവർക്കും മകൾ ദയയ്ക്കുമൊപ്പമായിരുന്നു മഞ്ജുവിന്റെ ഗൃഹപ്രവേശം. ഇപ്പോഴിതാ യൂട്യൂബറായ കാർത്തിക് സൂര്യ തന്റെ ചാനലിലൂടെ മഞ്ജുവിന്റെ പുതിയ ഫ്ലാറ്റിന്റെ ദൃശ്യങ്ങൾ ഷെയർ ചെയ്യുകയാണ്. മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിലൂടെയാണ് കാർത്തികും മഞ്ജു പിള്ളയും സുഹൃത്തുക്കളായത്.
കഴക്കൂട്ടത്താണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ഒരു ഏസിയാണ് കാർത്തിക് മഞ്ജുവിനു സമ്മാനമായി നൽകിയത്. മഞ്ജു ചേച്ചിയുടെ കോടികൾ വിലയുള്ള ഫ്ലാറ്റ് കാണാനാണ് നമ്മൾ എത്തിയിരിക്കുന്നതെന്ന് കാർത്തിക് പറഞ്ഞപ്പോൾ അതു തലയാട്ടി സമ്മതിക്കുന്നുണ്ട് താരം. വീട്ടിലേക്ക് കയറി വലതു വശത്തു തന്നെ കുറെയധികം ബുദ്ധ പ്രതികമകളെ കാണാം. തന്റെ വീട്ടിൽ കൂടുതലും ഇത്തരത്തിലുള്ള പ്രതിമകളാണെന്നും മഞ്ജു പറയുന്നുണ്ട്. ടൈൽ ഉപയോഗിച്ച് നിർമ്മിച്ച ഒരു വലിയ ബുദ്ധപ്രതിമയും ഫ്ലാറ്റിന്റെ ബാൽകണിയിൽ കാണാം. വൈകുന്നേരങ്ങളിൽ സമയം ചെവഴിക്കാനും ധ്യാനിക്കാനുമൊക്കെ അനുയോജ്യമായ ഒരു സ്ഥലമാണ് തന്റെ ബാൽക്കണിയെന്നും മഞ്ജു പറയുന്നു. ഡൈനിങ്ങ് ടേബിൾ, സോഫ സെറ്റ്, ചാരു കസേര എന്നിവ തന്റെ ഇഷ്ടപ്രകാരം മഞ്ജു പണിതെടുപ്പിച്ചതാണ്. ഇവ മൂന്നിനും കൂടിയ 75,000 രൂപ മാത്രമാണായതെന്നും താരം സൂചിപ്പിക്കുന്നുണ്ട്.
മകൾ വരച്ച ചിത്രങ്ങളും ആരാധകരുടെ സമ്മാനങ്ങളെല്ലാം തന്റെ വീട്ടിൽ സുരക്ഷിതമായി വച്ചിട്ടുണ്ട് മഞ്ജു. തന്റെ താത്പര്യത്തിനനുസരിച്ചാണ് അടുക്കളയും അങ്ങനെ വീട്ടിലെ എല്ലാ മുറികളും മഞ്ജു ഒരുക്കിയത്. ഫ്ലാറ്റിന്റെ മുകളിലെ റൂഫ് ടോപ്പും ഏറെ മനോഹരമാണ്. പ്രിയപ്പെട്ടവർക്കൊപ്പം പാർട്ടി നടത്താനും സമയം ചെലവഴിക്കാനും പ്രത്യേക ഇടങ്ങൾ ഫ്ലാറ്റിൽ പൊതുവായുണ്ട്. തന്റെ അധ്വാനത്തിന്റെ ഫലമാണ് ഈ ഫ്ലാറ്റെന്നും അതിൽ താൻ അഭിമാനിക്കുന്നുണ്ടെന്നും മഞ്ജു പറയുന്നു.
ആൽഫ്രഡ് ഡി സാമുവലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഓ മൈ ഡാർലിങ്ങ്’ ആണ് മഞ്ജുവിന്റെ അവസാനം റിലീസിനെത്തിയ ചിത്രം. അനിഖ സുരേന്ദ്രൻ, മെൽവിൻ ബാബു എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഫെബ്രുവരിയിലാണ് റിലീസിനെത്തിയത്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഫാമിലി ആണ് മഞ്ജു പിള്ളയുടെ പുതിയ ചിത്രം.