ബോളിവുഡ് താരം കരീന കപൂര്‍ തന്റെ 38-ാം ജന്മദിനം ആഘോഷിച്ചത് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്. കരീനയുടെ സഹോദരി കരിഷ്മ കപൂര്‍, ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാന്, സോഹ അലി ഖാന്, കുനാല്‍ കെമ്മു, രണ്‍ധീര്‍ കപൂര്‍, ബബിതാ തുടങ്ങിയവരും കരീനയുടെ ജന്മദിനം ആഘോഷിക്കാന്‍ മുംബൈയിലെ വസതിയില്‍ എത്തിയിരുന്നു.
ക്ലോക്കില്‍ കൃത്യം 12 അടിച്ചതോടെ കരീന തനിക്കായി പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ചു. ‘നീ ഞങ്ങളുടെ റോക്സ്റ്റാറാണ്’ എന്നായിരുന്നു കേക്കിലെ വാചകം. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഹയും കരിഷ്മയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കപൂര്‍ കുടുംബവും ഖാന് കുടുംബവും കരീനയുടെ പിറന്നാള്‍ ഒരുത്സവമാക്കിയെന്ന് ഈ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
തന്റെ ഏറ്റവും നല്ല സുഹൃത്തും ഏറ്റവും നല്ല സഹോദരിയുമാണ് കരീന എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കരിഷ്മ കുറിച്ചത്. ഇരുവരും തങ്ങളുടെ മാതാപിതാക്കളായ രണ്‍ധീറിനും ബബിതയ്ക്കുമൊപ്പമുളള ചിത്രങ്ങളും കരിഷ്മ പങ്കുവച്ചിട്ടുണ്ട്.
എല്ലാവരും ഒന്നിച്ചുള്ള കുടുംബചിത്രവും പങ്കുവച്ചിട്ടുണ്ട്. ബര്‍ത്ത്ഡേ ക്യാപ് വച്ചാണ് എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.