തെന്നിന്ത്യന്‍ താരങ്ങളായ ആര്യയുടേയും സയേഷയുടേയും വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചു. സംഗീത് ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി തുടങ്ങിയവരും ചടങ്ങിന് എത്തിയതായി ചിത്രങ്ങളില്‍ കാണാം.

അഞ്ജു മഹേന്ദ്രൂവും ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സെറീന വഹാബും ചടങ്ങുകളില്‍ പങ്കെടുത്തു. വെള്ളിയാഴ്ചയായിരുന്നു സംഗീത് ചടങ്ങ്. ഞായറും തിങ്കളുമായി വിവാഹം നടക്കും.

Read More: മച്ചാ, അടുത്തത് നിന്റെ ഊഴം; പ്രിയ കൂട്ടുകാരൻ വിശാലിനെ വിവാഹം ക്ഷണിച്ച് ആര്യ

ഫെബ്രുവരി 14 വാലന്റെന്‍സ് ഡേയിലാണ് സയേഷയുമായുള്ള വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ ആര്യ സ്ഥിതീകരിച്ചത്. മാര്‍ച്ചില്‍ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു. പരമ്പരാഗത മുസ്ലീം വെഡ്ഡിംഗ് രീതിയിലാവും ആര്യയും സയേഷയും വിവാഹിതരാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 9, 10 തിയ്യതികളില്‍ ഹൈദരാബാദിലാവും വിവാഹചടങ്ങുകള്‍ നടക്കുക. വിവാഹത്തിനു ശേഷം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സിനിമാരംഗത്തുള്ളവര്‍ക്കുമായി ചെന്നൈയിലും പ്രത്യേക റിസപ്ഷനും ആര്യയും സയേഷയും ചേര്‍ന്ന് ഒരുക്കുന്നുണ്ട്.

‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook