മമ്മൂട്ടി നായകനായ ‘പ്രജാപതി’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് അദിതി വർഷങ്ങൾക്കിപ്പുറം ദുൽഖറിന്റെ നായികയായി അഭിനയിച്ചിരിക്കുകയാണ്. അദിതിയും ദുൽഖറും ഒന്നിച്ച ഹേ സിനാമിക തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
അദിതിയുടെ മുബൈ വെർസോവയിലെ ആഡംബരവീടിന്റെ അകത്തളക്കാഴ്ചകളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ‘ഏഷ്യൻ പെയിന്റ്സ് വേർ ദി ഹാർട്ട് ഈസ്’ എന്ന പ്രോഗ്രാമിനിടെയാണ് തന്റെ വീടിന്റെ അകത്തളകാഴ്ചകൾ അദിതി ആരാധകർക്കായി ഷെയർ ചെയ്തത്.
വീടിനകത്ത് തനിക്കേറെ ഇഷ്ടമുള്ള ലിവിംഗ് ഏരിയയും അദിതി പരിചയപ്പെടുത്തുന്നുണ്ട്. പ്രകൃതിദത്തമായി ധാരാളം വെളിച്ചം ലഭിക്കുന്ന ലിവിംഗ് ഏരിയെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ആളുകളെ നിറഞ്ഞ ഊഷ്മളതയോടെ സ്വാഗതം ചെയ്യാൻ വീടിനു കഴിയുന്നുവെന്നതാണ് വലിയ സന്തോഷമായി അദിതി പങ്കുവയ്ക്കുന്നത്.
മുംബൈയിലെ വീട് ആദ്യമായി കണ്ടപ്പോൾ, കുട്ടിക്കാലത്ത് പിതാവ് തനിക്കായി നിർമ്മിച്ച ഡോൾ ഹൗസാണ് ഓർമ്മവന്നതെന്നും അദിതി ഓർക്കുന്നു.
പോയവർഷം ജയസൂര്യയും ദേവ് മോഹനും നായകന്മാരായി എത്തിയ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലും അദിതി നായികയായി എത്തിയിരുന്നു. ഇന്ത്യയിലെ മുൻനിര സംവിധായകരായ മണിരത്‌നത്തിന്റെയും സഞ്ജയ് ലീല ബൻസാലിയുടെയും ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ഹിന്ദി, തമിഴ് ചിത്രങ്ങളുടെയും ഭാഗമായ അദിതി റാവു ഹൈദരി തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാൾ കൂടിയാണ്.