മാർച്ച് 26നാണ് മലയാളികളുടെ പ്രിയനടൻ ഇന്നസെന്റ് വിടപറഞ്ഞത്. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.45 ഓടെ മരണമടഞ്ഞു. ഇന്നസെന്റ് എന്ന നടൻ അവിസ്മരണീയമാക്കിയ കഥപാത്രങ്ങളാണ് ആ ദിവസങ്ങളിൽ ആസ്വാദകരുടെ മനസ്സിലൂടെ കടന്നു പോയത്. അതേ കഥാപാത്രങ്ങളെ നെഞ്ചിലേറ്റിയാണ് ഇന്നസെന്റും തന്റെ കല്ലറയിൽ ഉറങ്ങുന്നത്.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിലാണ് ഇന്നസെന്റിനെ അടക്കിയിരിക്കുന്നത്. കല്ലറുടെ മുകളിൽ ഇന്നസെന്റിന്റെ ചിത്രത്തിനൊപ്പം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ചിത്രങ്ങളും കാണാം. സ്വാമിനാഥൻ, നാരായണൻ, ഉണ്ണിത്താൻ, കിട്ടുണ്ണി, ചാക്കോ മാപ്പിള, പോഞ്ഞിക്കര തുടങ്ങി ഒരു പൊട്ടിച്ചിരിയോടെ മാത്രം ഓർത്തെടുക്കാനാകുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ കല്ലറയിലുണ്ട്.
പേരക്കുട്ടികളായ ഇന്നസെന്റിനെയും അന്നയുടെയും ആശയമാണ് അപ്പാപ്പന്റെ കഥാപാത്രങ്ങളെ കല്ലറയിൽ പകർത്തുക എന്നതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇന്നസെന്റിന്റെ മറക്കാനാകാത്ത കഥാപാത്രങ്ങൾ ഗ്രാനേറ്റിലാണ് എൻഗ്രേവ് ചെയ്തിരിക്കുന്നത്. ടച്ച് എൻഗ്രേവ് ഉടമസ്ഥൻ രാധാകൃഷ്ണനാണ് ചിത്രങ്ങൾ പകർത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.