scorecardresearch
Latest News

ഇന്നസെന്റിന് മധുരം നൽകി ആലീസ്; പിറന്നാൾ ചിത്രങ്ങൾ

എഴുപത്തിമൂന്നാം ജന്മദിനം ഭാര്യയ്ക്കും മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഇന്നസെന്റ്

Innocent, Innocent birthday, Innocent birthday photos, Innocent age, Innocent films, Innocent family, ഇന്നസെന്റ്, Indian express malayalam, IE malayalam

മലയാള ചലച്ചിത്ര ലോകത്തെ സംബന്ധിച്ച് പകരക്കാരില്ലാത്ത ഒരു സാന്നിധ്യമാണ് ഇന്നസെന്റ്. ഹാസ്യവേഷങ്ങളും സ്വഭാവവേഷങ്ങളുമെല്ലാം കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന മലയാളികളുടെ പ്രിയനടൻ ഇന്നസെന്റിന്റെ 73-ാം ജന്മദിനമായിരുന്നു ഇന്നലെ. കുടുംബത്തിനൊപ്പം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരമിപ്പോൾ.

#birthdaycelebration

Posted by Innocent on Saturday, February 27, 2021

Read more: കിട്ടുണ്ണിയേട്ടാ.., വണ്ടർവുമൺ വിളിച്ചു, ബാറ്റ്‌മാൻ വിളികേട്ടു (വീഡിയോ)

1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ച ഇന്നസെന്റ് സിനിമാമോഹവുമായി മദ്രാസിലേക്ക് വണ്ടി കയറുകയും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയും ചെയ്തു. ഇതിനിടെ ‘നെല്ല്’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷവും ചെയ്തു. ഇടയിൽ ടൈഫോയിഡ് ബാധിച്ച താരം സിനിമയോട് തൽക്കാലത്തേക്ക് വിട പറഞ്ഞ് ബിസിനസിലേക്ക് ഇറങ്ങി. അക്കാലത്ത് ഏതാനും നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു. സഹോദരങ്ങളെല്ലാം നല്ല രീതിയിൽ പഠിച്ച് ഡോക്ടർ, വക്കീൽ, ജഡ്ജി എന്നിങ്ങനെ വിവിധ കരിയറുകൾ തിരഞ്ഞെടുത്തപ്പോൾ പഠനത്തിൽ പിന്നോക്കം ആയിരുന്നു ഇന്നസെന്റ്. ഇക്കാര്യത്തെ ചൊല്ലി പിതാവ് വറീതുമായി ചില അഭിപ്രായ വ്യത്യാസങ്ങളും ആദ്യകാലത്തുണ്ടായിരുന്നു. തുടർന്ന് 1970കളിൽ ഇന്നസെന്റ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായും അക്കാലത്ത് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

സംവിധായകൻ മോഹൻ മുഖേനയാണ് പിന്നീട് ഇന്നസെന്റ് സിനിമാമേഖലയിലേക്ക് എത്തിപ്പെടുന്നത്. 1972ൽ പുറത്തിറങ്ങിയ ‘നൃത്തശാല’യാണ് ഇന്നസെന്റിന്റെ ആദ്യചിത്രം. ആദ്യകാലത്ത് ഏതാനും സമാന്തരചലച്ചിത്രങ്ങളുടെ നിർമ്മാതാവായും ഇന്നസെന്റ് പ്രവർത്തിച്ചു. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനിയാണ് ഇളക്കങ്ങൾ, വിട പറയും മുൻപേ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത്.

സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ വൈകാതെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റി. പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഫാസിൽ, കമൽ എന്നിവരുടെ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായി ഇന്നസെന്റ് മാറുകയായിരുന്നു. ഹാസ്യ കഥാപാത്രങ്ങൾക്കൊപ്പം സീരിയസ് കഥാപാത്രങ്ങളും മികവോടെ അവതരിപ്പിച്ചു തുടങ്ങിയതോടെ മലയാളസിനിമയുടെ​ അവിഭാജ്യ ഘടകമായി ഇന്നസെന്റ് മാറുകയായിരുന്നു.

റാംജി റാവു സ്പീക്കിങ്, മാന്നാർ മത്തായി സ്പീക്കിങ്, കിലുക്കം, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, നാടോടിക്കാറ്റ്, ദേവാസുരം, മണിച്ചിത്രത്താഴ്, കാബൂളി വാല, ഗജകേസരിയോഗം, മിഥുനം, മഴവിൽക്കാവടി, മനസ്സിനക്കരെ, തുറുപ്പുഗുലാൻ, നന്ദനം, രസതന്ത്രം എന്നിങ്ങനെ മലയാളി എന്നെന്നും ഓർത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ… 500ൽ ഏറെ മലയാളസിനിമകളിൽ ഇതിനകം ഈ നടൻ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകളിലും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചു. കേളി, കാതോടു കാതോരം എന്നീ ചിത്രങ്ങളിൽ വില്ലൻ വേഷത്തിലും താരമെത്തി.

മലയാള ചലച്ചിത്ര അഭിനേതാക്കളായ അമ്മ സംഘടനയുടെ പ്രസിഡന്റ് ആയി 12 വർഷത്തോളമാണ് ഇന്നസെന്റ് സേവനം അനുഷ്ഠിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

2013ൽ തൊണ്ടയ്ക്ക് അർബുദരോഗം ബാധിച്ച ഇന്നസെന്റ് അക്കാലത്തെ അനുഭവങ്ങൾ പശ്ചാത്തലമാക്കി ‘കാൻസർ വാർഡിലെ ചിരി’ എന്നൊരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ചിരിക്കു പിന്നിൽ’ എന്നൊരു ആത്മകഥയും അദ്ദേഹം പ്രസിദ്ധീകരിച്ചു. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ പത്തോളം പുസ്തകങ്ങളും ഇന്നസെന്റിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Read more: മലയാളി അധികം കണ്ടിട്ടില്ലാത്ത ‘മണിച്ചിത്രത്താഴി’ലെ ആ രംഗമിതാ; വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Innocent birthday celebration photos

Best of Express