തിരുവനന്തപുരം: 23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള രജത ചകോര പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. ഈമായൗ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. നേരത്തെ ഗോവാ രാജ്യാന്തര ചലച്ചിത്ര മേളയിലും ലിജോ ജോസിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഎഫ്എഫ്‌കെയിലും ലിജോയെ തേടി പുരസ്‌കാരമെത്തുന്നത്.

‘ഡാര്‍ക്ക് റൂം’ ആണ് മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോര പുരസ്‌കാരം നേടിയത്. റൂഹെല്ല ഹെജാസ്‌കിയാണ് ചിത്രം സംവിധാനം ചെയ്തത്. സക്കറിയയുടെ ‘സുഡാനി ഫ്രം നെെജീരിയ’യാണ് മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയത്. സാമുവല്‍ റോബിന്‍സണ്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അഭിനയിച്ചത്.

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും ഈമയൗ സ്വന്തമാക്കി. ഈ ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ചെമ്പന്‍ വിനോദ് ജോസിന് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.

‘ടേക്കിങ് ഹോഴ്‌സ് ചു ഈറ്റ് ജിലേബീസ്’ സംവിധായകയായ അനാമിക ഹസ്‌കറിനാണ് നവാഗത സംവിധായക്കുള്ള പുരസ്‌കാരം. ഈ ചിത്രത്തിന്റെ തന്റെ ക്യാമറാമാനായ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആര്‍. മോഹനന്‍ എന്‍ഡോവ്‌മെന്റ് അമിതാഭ ചാറ്റര്‍ജി സംവിധാനം ചെയ്ത മനോഹര്‍ ആന്റ് ഐ കരസ്ഥമാക്കി. വിനു കോലിച്ചാല്‍ സംവിധാനം ചെയ്ത ബിലാത്തിക്കുഴല്‍ ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook