താരങ്ങളുടെ പഴയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സിനിമാപ്രേമികൾക്ക് എന്നും കൗതുകവും സന്തോഷവും നൽകുന്ന കാഴ്ചയാണ്. മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസിന്റെ മൂന്നര പതിറ്റാണ്ട് പഴക്കമുള്ള കല്യാണചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഭാര്യ ശാന്തകുമാരിയ്ക്ക് ഒപ്പമുള്ള കല്യാണ ചിത്രത്തിൽ അൽപ്പം ഗൗരവക്കാരനാണ് ഇന്ദ്രൻസ്. 1985 ഫെബ്രുവരി 23 ന് ആയിരുന്നു ഇന്ദ്രൻസും ശാന്തകുമാരിയും തമ്മിലുള്ള വിവാഹം. Surendran wedds santha kumari എന്ന ക്യാപ്ഷനോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയത്തിലേക്ക് എത്തിയ ഇന്ദ്രൻസിന്റെ യഥാർത്ഥ പേര് സുരേന്ദ്രൻ കൊച്ചുവേലു എന്നായിരുന്നു. സി.പി. വിജയകുമാർ സംവിധാനം ചെയ്ത ‘സമ്മേളനം’ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രൻസ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനാവുന്നത്. ‘സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്’ എന്ന ചിത്രത്തിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്.

ഇന്ന് മലയാളത്തിലെ പ്രഗത്ഭരായ നടന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ഇന്ദ്രൻസിനെ തേടി 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് എത്തിയിരുന്നു, ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. 2019-ൽ ‘വെയിൽമരങ്ങൾ’ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരവും അദ്ദേഹം നേടിയിരുന്നു.

Read more: ചേട്ടാ,​ അങ്ങനെയല്ല ഇങ്ങനെ; ഇന്ദ്രൻസിനെ ചോപ്‌സ്റ്റിക്സ് ഉപയോഗിക്കാൻ പഠിപ്പിച്ച് ചൈനീസ് യുവാവ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook