ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ മലയാള ചലച്ചിത്രം ആളൊരുക്കം ഈ വര്‍ഷത്തെ ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ബ്രിക്‌സ് ഫിലിം ഫെസ്റ്റിവല്ലിന്റെ കണ്ടമ്പ്രറി കോമ്പറ്റീഷന്‍ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ചിത്രത്തിന്റെ സംവിധായകൻ വി.സി അഭിലാഷ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

Read More: ഞാന്‍ തുടങ്ങിയിട്ടല്ലേയുള്ളൂ: ഇന്ദ്രന്‍സ്

ബ്രസീലിലെ റിയോ ഡി ജനീറോയിൽ സെപ്റ്റംപര്‍ 23 മുതല്‍ ഒക്ടോബര്‍ 9 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. രാജ്യത്തെ നാല് സംവിധായകരുടെ രണ്ട് വീതം വർക്കുകളാണ് കേന്ദ്ര ഗവൺമെന്റ് ഒദ്യോഗികമായി ഫെസ്റ്റിവല്ലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നത്.

Read More: IFFK 2018: എല്ലാവരും ഇന്നോളം പാടിപ്പുകഴ്ത്തിയ ‘ആളൊരുക്കം’ അപമാനിക്കപ്പെട്ടിരിക്കുന്നു: വി സി അഭിലാഷ്

ദേശീയ പുരസ്കാരത്തിന് തുല്യമായ മറ്റൊരു പുരസ്കാരം എന്നാണ് വി.സി അഭിലാഷ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ആളൊരുക്കത്തെ കൂടാതെ താൻ ഒരുക്കിയ ഡോക്യുമെന്ററി ‘ഒരു സുപ്രധാന കാര്യ’ വും ഇന്ത്യയുടെ പ്രസ്തുത നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയ കാര്യവും അദ്ദേഹം വ്യക്തമാക്കി.

പപ്പുവാശാന്‍ എന്ന കൂടിയാട്ടം കലാകാരനായി ഇന്ദ്രന്‍സ് എത്തിയ ചിത്രമായിരുന്നു ആളൊരുക്കം. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമേ നാല് വിഭാഗങ്ങളില്‍ കേരളാ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം, പ്രഥമ തിലകന്‍ സ്മാരക പെരുന്തച്ചന്‍ പുരസ്‌കാരം വിദേശത്തും സ്വദേശത്തുമായി വിവിധ ചലച്ചിത്ര മേളകളിലേക്കുള്ള ക്ഷണം എന്നിങ്ങനെ പലതരത്തില്‍ അംഗീകരിക്കപ്പെട്ട ചിത്രമാണ് ആളൊരുക്കം. കശ്മീർ വേൾഡ് ഫിലിം ഫെസ്റ്റിവലിലെ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള പുരസ്കാരവും ആളൊരുക്കം നേടിയിരുന്നു.

അതേസമയം കഴിഞ്ഞ (2018) കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്നും ചിത്രം ഒഴിവാക്കപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധമറിയിച്ച് സംവിധായകൻ വി.സി അഭിലാഷ് രംഗത്തെത്തിയിരുന്നു. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക എന്നത് വലിയ സ്വപ്നമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook