മക്കളിൽ നിന്ന് സ്നേഹവും കരുതലും കിട്ടാതെ അനാഥമാവുന്ന വാര്‍ദ്ധക്യത്തിന്റെ നൊമ്പരങ്ങള്‍ വരച്ചു കാട്ടുകയാണ് അശോക് ആർ കലിത സംവിധാനം ചെയ്ത ‘വേലുക്കാക്ക ഒപ്പ് കാ’ എന്ന ചിത്രം. നാട്ടിൻപ്പുറത്തെ കർഷകനായെത്തി തിളക്കമാർന്ന പ്രകടനമാണ് ഇന്ദ്രൻസ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. വർക്ക്ഹോളിക് ആയൊരു മകനാൽ ഉപേക്ഷിക്കപ്പെട്ട ഒരച്ഛന്റെ വ്യഥകൾ തന്മയത്വത്തോടെ അവതരിപ്പിക്കുകയാണ് ഇന്ദ്രൻസ്.
പേര് കാരണം തന്റെ ഗ്രാമത്തിൽ അപഹാസ്യനാവുന്ന വേലുക്കാക്ക എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. നാട്ടുകാർ പരിഹസിക്കാനായി അയാളെ കാക്ക എന്നു വിളിക്കുന്നു. ആ പരിഹാസ വിളികളെ വേലുക്കാക്ക ഗൗനിക്കുന്നില്ലെങ്കിലും ‘കാക്കയുടെ മകൻ’ എന്ന നാട്ടുകാരുടെ വിളി മകൻ ഹരീഷിൽ മാനസികമായ ആഘാതങ്ങളുണ്ടാക്കുകയാണ്. താൻ അനുഭവിക്കുന്ന അപമാനത്തിന് ഉത്തരവാദി അച്ഛനാണെന്ന രീതിയിലാണ് മകന്റെ പെരുമാറ്റം.

മകനെ നാണക്കേടിൽ നിന്നും അകറ്റി നിർത്താനായി വേലുക്കാക്കയും ഭാര്യയും നഗരത്തിലേക്ക് അയച്ച് പഠിപ്പിക്കുന്നു. എന്നാൽ അച്ഛന്റെ പേരു കാരണം കുട്ടിക്കാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളും അപമാനവുമോർത്ത് അച്ഛനമ്മമാരെ സന്ദർശിക്കാൻ ഒഴിവ് കഴിവ് പറയുകയാണ് മകൻ. ചെയ്യാത്ത തെറ്റുകളുടെ പേരിൽ മകന്റെ നീരസമേറ്റുവാങ്ങേണ്ടി വരികയാണ് വേലുക്കാക്കയ്ക്ക്.
ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളുമായാണ് സംവിധായകൻ അശോക് ചിത്രം അവസാനിപ്പിക്കുന്നത്. ഉദാഹരണത്തിന്, വേലുക്കാക്ക വാങ്ങാൻ നിർബന്ധിതനായ ഓണം ബമ്പർ ലോട്ടറി ടിക്കറ്റിന് സിനിമയിൽ വളരെയധികം ശ്രദ്ധ നൽകുന്നുണ്ട് സംവിധായകൻ. 12 കോടി രൂപയുടെ ജാക്ക്പോട്ട് വേലുക്കാക്കയുടെ ഭാഗ്യം എന്നെന്നേക്കുമായി മാറ്റുമെന്ന് പ്രേക്ഷകർ ചിന്തിച്ചുപോവാം. എന്നാൽ, ആ ലോട്ടറി ടിക്കറ്റ് കഥയുടെ ഗതിയിൽ ഒരു സംഭാവനയും നൽകാതെ മുന്നോട്ടുള്ള കഥപറച്ചിലിനിടയിൽ എവിടെയോ അപ്രത്യക്ഷമാകുന്നു. ഇനി അതാണോ, വേലുക്കാക്ക തന്റെ അഭ്യുദയകാംക്ഷിയായ മാത്യൂസിനോട് പറയുന്ന രഹസ്യം?
മകന്റെ സ്നേഹവും കരുതലും കൊതിക്കുന്ന കർഷകനായി സ്വാഭാവികമായ അഭിനയമാണ് ഇന്ദ്രൻസ് കാഴ്ചവയ്ക്കുന്നത്. സിനിമ തീർന്നാലും അദ്ദേഹത്തിന്റെ പ്രകടനവും പച്ചപ്പ് നിറഞ്ഞ നെൽവയലുകളുടെ ശാന്തമായ ഫ്രെയിമുകളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കും. മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ‘വേലുക്കാക്ക ഒപ്പ് കാ’. ചിത്രം ബുക്ക് മൈ ഷോയിൽ ലഭ്യമാണ്.