ജീവിതത്തിൽ വേദനിപ്പിച്ചവരെയൊക്കെ ഓർക്കാറുണ്ടെന്നും എന്നാൽ തിരിച്ചാരെയും വേദനിപ്പിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും നടൻ ഇന്ദ്രൻസ്. ” മറ്റുള്ളവരുടെ മനസ്സിൽ വേദനയുണ്ടാക്കാൻ ഒരു വാക്കു മതി. എന്നെ വേദനപ്പിച്ചവരൊക്കെ മനസ്സിലുണ്ട്. പക്ഷെ തിരിച്ചാരെയും വേദനിപ്പിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ട്.” അനുഭവങ്ങളൊക്കെ പുസ്തകമാക്കണമെന്നുണ്ട് എന്നാൽ അന്നും എല്ലാവരുടേയും പേര് വെളിപ്പെടുത്താനാകുമോ എന്നറിയില്ലെന്നും ഇന്ദ്രൻസ് കൂട്ടി ചേർക്കുന്നു. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ സ്വീകരണം കഴിഞ്ഞെത്തിയതിനു പിന്നാലെ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രൻസിന്റെ വെളിപ്പെടുത്തൽ.

ശാരീരിക സൗന്ദര്യത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും എന്നാൽ അതിനെയെല്ലാം മറികടന്ന് പുരസ്കാരം കിട്ടിയതിൽ സന്തോഷമുണ്ടെന്നും പറഞ്ഞ അദ്ദേഹം ഭീമനും അർജുനനുമൊക്കെ ആയി അഭിനയിക്കാൻ മനസിൽ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി.

ഷാങ്ഹായ് ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി ചൈനയിലെത്തിയ ഇന്ദ്രൻസ് ആയിരുന്നു കഴിഞ്ഞ വാരം സമൂഹമാധ്യമങ്ങളിലെ വൈറൽ താരം. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഡോ. ബിജു സംവിധാനം ചെയ്ത ‘വെയിൽമരങ്ങൾ’ ഇരുപത്തി രണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയിരുന്നു.

ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരമാണ് ‘വെയിൽമരങ്ങൾ’ നേടിയത്. ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിൽ ഒന്നായ ഷാങ്ഹായ് ചലച്ചിത്രമേളയിൽ പ്രധാന മത്സര വിഭാഗമായ ഗോൾഡൻ ഗോബ്‌ലറ്റ് പുരസ്കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ‘വെയിൽമരങ്ങൾ’ ചിത്രീകരിച്ചത്. എപ്പോഴും വെയിലത്ത് നിൽക്കാൻ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ,അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സോമ ക്രിയേഷൻസിന്റെ ബാനറിൽ ബേബി മാത്യു സോമതീരം ആണ് ചിത്രം നിർമ്മിച്ചത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും ഡോ. ബിജു തന്നെ.

ചൈനായാത്രയ്ക്കിടെയുണ്ടായ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ ഫെയ്സ്ബുക്ക് പേജിലൂടെ ഇന്ദ്രൻസ് പങ്കുവച്ചിരുന്നു. ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കേണ്ടത് എങ്ങനെയെന്ന് റെസ്റ്റോറന്റ് ജീവനക്കാരൻ പറഞ്ഞു കൊടുക്കുന്ന വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: ചേട്ടാ,​ അങ്ങനെയല്ല ഇങ്ങനെ; ഇന്ദ്രൻസിനെ ചോപ്‌സ്റ്റിക്സ് ഉപയോഗിക്കാൻ പഠിപ്പിച്ച് ചൈനീസ് യുവാവ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook