സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇന്ദ്രന്‍സ് ഡബ്ല്യുസിസിയെ കുറിച്ച് പരാമർശം നടത്തിയിയത്. ഡബ്ല്യുസിസി (വിമണ്‍ ഇന്‍ സിനിമ കളക്ടീവ്) ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ആളുകൾ നടിയ്ക്ക് പിന്തുണ നൽകുമായിരുന്നുവെന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. അഭിമുഖത്തിൽ ഇന്ദ്രൻസ് പറഞ്ഞ വാക്കുകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ഒടുവിൽ മാപ്പ് പറഞ്ഞു കൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് താരം.
“കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല. ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്. മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്.നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു….” ഇന്ദ്രൻസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
“സ്ത്രീകൾക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, സ്ത്രീകൾ പുരുഷന്മാരേക്കാൾ എത്രയോ മുകളിലാണ്. അത് മനസ്സിലാക്കാത്തവർ മാത്രമേ തുല്യതയ്ക്ക് വേണ്ടി സംസാരിക്കൂ. ഡബ്ല്യുസിസി ഇല്ലെങ്കിൽ പോലും നടി അക്രമിക്കപ്പെട്ട കേസിൽ നിയമനടപടികൾ അതിന്റെ വഴിയെ നടന്നേനെ. ഈ സംഘടന ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ആൾക്കാർ പിന്തുണയുമായി രംഗത്തെത്തുമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്,” ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടെ ഇന്ദ്രൻസ് പറഞ്ഞതിങ്ങനെയായിരുന്നു.