സിനിമയ്ക്ക് അപ്പുറത്തേക്ക് ഒരു നടന്റെ മേൽവിലാസമൊന്നും ജീവിതത്തിലേക്ക് എടുക്കാത്ത പച്ചമനുഷ്യനാണ് ഇന്ദ്രൻസ്. എളിമയും വിനയവും ഇന്ദ്രൻസ് എന്ന മനുഷ്യന് അലങ്കാരമല്ല, ആ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമാണ്. ഒരു കാലത്ത് ഹാസ്യവേഷങ്ങളിൽ തിളങ്ങിയ ഇന്ദ്രൻസ് ഇന്ന് മലയാളസിനിമയുടെ അഭിമാനമാണ്.
ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ‘വേലുകാക്ക ഒപ്പ് കാ’ എന്ന ചിത്രം ബുക്ക് മൈ ഷോയിൽ സ്ട്രീം ചെയ്യുകയാണ് ഇപ്പോൾ. മക്കളിൽ നിന്ന് സ്നേഹവും കരുതലും കിട്ടാതെ അനാഥമാവുന്ന വാര്‍ദ്ധക്യത്തിന്റെ നൊമ്പരങ്ങള്‍ വരച്ചു കാട്ടുന്ന ചിത്രമാണ് അശോക് ആർ കലിത സംവിധാനം ചെയ്ത ‘വേലുക്കാക്ക ഒപ്പ് കാ’. നാട്ടിൻപ്പുറത്തെ ഒരു കർഷകനായെത്തി തിളക്കമാർന്ന പ്രകടനമാണ് ഇന്ദ്രൻസ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. വേലുകാക്ക എന്ന കഥാപാത്രത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും ഇന്ദ്രൻസ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുന്നു.
“കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഇളവുകൾ വന്നു തുടങ്ങിയപ്പോൾ ഷൂട്ട് ചെയ്ത പടമാണ് ‘വേലുകാക്ക’. പാലക്കാട് ആയിരുന്നു ഷൂട്ടിംഗ്. സാധാരണ ചെറിയ റോളുകളിലേക്ക്, ഒന്നോ രണ്ടോ ദിവസത്തെ ഡേറ്റ് ചോദിച്ച് വിളിക്കുമ്പോൾ ഞാൻ കഥയെന്താണെന്നോ കഥാപാത്രമെന്താണെന്നോ ഒന്നും തിരക്കാറില്ല, പോയി അഭിനയിച്ചുവരികയാണ് പതിവ്. പക്ഷേ, ഈ സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ചോദിച്ച് മനസ്സിലാക്കിയിരുന്നു. കഥ കേട്ടപ്പോൾ ഒരു സ്പാർക്ക് തോന്നി. അതാണ് ഓകെ പറഞ്ഞത്. ലോക്ക്ഡൗണിന്റെ പരിമിതികൾക്കിടയിൽ ചെയ്ത സിനിമയാണ് ‘വേലുകാക്ക’,” ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് ഇന്ദ്രൻസ് പറയുന്നു.
തന്റെ അഭിനയജീവിതത്തിൽ ഇതാദ്യമായാണ് ഒരു കർഷക കഥാപാത്രത്തെ ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. “ഇങ്ങനെ ഒരു കർഷകന്റെ വേഷം ചെയ്യുന്നത് ഇതാദ്യമായാണ്. ഞങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ അതിന്റെ പരിസരത്ത്, പാടത്ത് പണിയെടുക്കുന്ന കുറേ ആളുകളെ കണ്ടു. അവരുടെ ചലനങ്ങൾ ഒക്കെ നിരീക്ഷിച്ചിരുന്നു, അവർ വിത്തുവിതയ്ക്കുന്ന രീതിയും മറ്റും. ”
“നല്ല ശരീര അധ്വാനം വേണ്ടി വന്ന സിനിമ കൂടിയാണ് ‘വേലുക്കാക്ക’. കട്ടിൽ എടുത്തും വലിയ ചാക്കെടുത്തുമൊക്കെ നടന്നു പോവുന്ന സീനുകളുണ്ട് ചിത്രത്തിൽ. അതൊക്കെ അപ്പോഴത്തെ ഒരു സ്പിരിറ്റിൽ അങ്ങ് ചെയ്തു പോവുന്നതാണ്, പിന്നെ ഓർത്തപ്പോൾ ഇതൊക്കെ ഞാൻ ചെയ്തോ എന്ന് അതിശയം തോന്നി.”
“സിനിമയിൽ എല്ലാവരും പുതിയ ആളുകളാണ്. നസീർ സംക്രാന്തി, പാഷാണം ഷാജി പോലുള്ള ചില ആർട്ടിസ്റ്റുകൾ മാത്രമേ പരിചയമുള്ളവരുള്ളൂ. കൂടുതലും ഉമയ്ക്ക് ഒപ്പമുള്ള സീനുകളായിരുന്നു. വളരെ എനർജിയാണ് ആൾക്ക്, ഞാൻ പൊതുവെ പരുങ്ങി നിൽക്കുന്ന ആളാണ്. കൂടെ വർക്ക് ചെയ്യുന്നവർക്ക് പോസിറ്റീവ് എനർജി നൽകുന്ന ആളാണ് ഉമ.”
“സിനിമ കണ്ട് കോഴിക്കോട് നിന്ന് എന്നെ ഒരു കൂട്ടുകാരൻ വിളിച്ചു. അച്ഛനും അമ്മയും കുറേനാളായി നാട്ടിലേക്ക് വിളിച്ചിട്ടും തിരക്കുകൊണ്ട് പോവാൻ പറ്റാതെയിരിക്കായിരുന്നു. ഈ സിനിമ കണ്ടപ്പോൾ ഉള്ളിലെവിടെയോ ഒരു വിഷമം, അതുകൊണ്ട് വൈകാതെ പോയി കാണാമെന്നോർത്തു എന്നു പറഞ്ഞു. ആ ഫോൺ വിളി തന്ന സന്തോഷം വലുതാണ്.”
മാലിക്കിലെ പൊലീസുകാരൻ
ഈ ശരീരം വച്ച് എനിക്ക് വേലുക്കാക്ക പോലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എളുപ്പമാണ്. പക്ഷേ മാലിക്കിലെ പൊലീസ് കഥാപാത്രമൊക്കെ ചെയ്യുമ്പോൾ എനിക്ക് എന്റേതായ പരിമിതികളുണ്ട്, കുറേയേറെ ശ്രദ്ധിക്കാനുണ്ട്. നല്ല സംവിധായകരുടെ കയ്യിലെത്തുമ്പോൾ മാത്രമേ അത്തരം സീനുകളിൽ ഞാൻ നന്നായി വരൂ. മാലിക് നന്നായി വന്നു എന്നു കേൾക്കുമ്പോൾ സന്തോഷമുണ്ട്.”

കരിയറിൽ നല്ല കഥാപാത്രങ്ങൾ തേടിയെത്തുന്ന സന്തോഷത്തിലാണ് ഇന്ദ്രൻസ്. “ഭാഗ്യമാണ്, ഞാനറിഞ്ഞോ അറിയാതെയോ വന്ന മാറ്റമാണ്. അങ്ങനെ ഒരു മാറ്റം വന്നില്ലായിരുന്നെങ്കിൽ ഒരു തിരിച്ചുപോക്കും അസാധ്യമായിരുന്നു.”
ഹോം, നാരദൻ, മധുരം, മേപ്പടിയാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് ഇന്ദ്രൻസിന്റേതായി റിലീസിനൊരുങ്ങുന്നത്. തനിക്ക് പ്രതീക്ഷയുള്ള ചിത്രങ്ങളാണിതെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു.