യാത്രകളിൽ പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്ന കാര്യങ്ങളിലൊന്നാണ് അതാതു നാടുകളിലെ ഭക്ഷണശീലങ്ങളോടും രീതിയോടും അഡ്ജസ്റ്റ് ചെയ്യുക എന്നത്. ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെെടുക്കാനായി ചൈനയിലെത്തിയ പ്രിയനടൻ ഇന്ദ്രൻസിന് ചൈനീസ് ഭക്ഷണരീതിയാണ് പണി നൽകിയത്. താരത്തെ വലച്ചത് ചൈനക്കാർ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന ചോപ്സ്റ്റിക്സ് ആണ്.
ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കേണ്ടത് എങ്ങനെയെന്ന് റെസ്റ്റോറന്റ് ജീവനക്കാരൻ പറഞ്ഞു കൊടുക്കുന്നുണ്ടെങ്കിലും ചോപ്സ്റ്റിക്സ് ഉപയോഗിച്ച് ശീലമില്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ് താരം. ഇന്ദ്രൻസ് തന്നെയാണ് വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
“പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ,” എന്ന് രസകരമായ അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ദ്രൻസിനെ പരിശ്രമം കണ്ടി ചിരിയോടെ ഇരിക്കുന്ന ഡോ. ബിജുവിനെയും വീഡിയോയിൽ കാണാം.
ഇരുപത്തി രണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി ഡോ. ബിജുവിനൊപ്പം ചൈനയിലെത്തിയതാണ് താരം. ഇന്ദ്രൻസിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിൽ ഒന്നായ ഷാങ്ഹായ് ചലച്ചിത്രമേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ദ്രൻസ് നിൽക്കുന്ന കാഴ്ചയെ ഹൃദയപൂർവ്വമാണ് മലയാളികൾ നെഞ്ചിലേറ്റിയത്.
ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘വെയിൽമരങ്ങൾ’ക്ക് പുരസ്കാരം നേടുകയും ചെയ്തു. ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരമാണ് ‘വെയിൽമരങ്ങൾ’ നേടിയത്. ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിൽ ഒന്നായ ഷാങ്ഹായ് ചലച്ചിത്രമേളയിൽ പ്രധാന മത്സര വിഭാഗമായ ഗോൾഡൻ ഗോബ്ലറ്റ് പുരസ്കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്കാരമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.
ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്കാരങ്ങള്‍ക്കായി ഈ വര്‍ഷം മത്സരിച്ച ഒരേ ഒരു ഇന്ത്യന്‍ സിനിമ കൂടിയാണ് ‘വെയില്‍മരങ്ങള്‍’. അന്താരാഷ്ട്ര മേളകളുടെ ആധികാരികത നിര്‍ണ്ണയിക്കുന്ന ‘ഫിയാപ്ഫി’ന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട ആദ്യ പതിനഞ്ചു ചലച്ചിത്രമേളകളില്‍ ഒന്നാണ് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേള.
ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ,അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സോമ ക്രിയേഷൻസിന്റെ ബാനറിൽ ബേബി മാത്യു സോമതീരം ആണ് ചിത്രം നിർമ്മിച്ചത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും ഡോ. ബിജു തന്നെ.
ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ‘വെയിൽമരങ്ങൾ’ ചിത്രീകരിച്ചത്. എപ്പോഴും വെയിലത്ത് നിൽക്കാൻ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
ഈ വർഷം, 112 രാജ്യങ്ങളിൽ നിന്നുള്ള 3964 ചിത്രങ്ങളിൽ നിന്ന് 14 ചിത്രങ്ങളാണ് ഗോൾഡൻ ഗോബ്ലറ്റ് മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത ടർക്കിഷ് സംവിധായകനായ നൂറി ബിൽഗേ സെയാലിൻ ആയിരുന്നു ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോൾഡൻ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാൻ. ജൂണ്‍ 15 നു ആരംഭിച്ച ഷാങ്ഹായി മേള ഇന്നു സമാപിക്കും.
ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്കാരത്തിനായി ഒരു ഇന്ത്യന്‍ സിനിമ ഇതിന് മുന്‍പ് മത്സരിക്കുന്നത് 2012 ല്‍ ആയിരുന്നു, ഡോ.ബിജുവിന്റെ ‘ആകാശത്തിന്റെ നിറമായിരുന്നു ആ ചിത്രം. ആകാശത്തിന്റെ നിറം, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം എന്നിവയ്ക്ക് ശേഷം ഇന്ദ്രന്‍സും ഡോ ബിജുവുമൊത്ത് ചേരുന്ന നാലാമത്തെ ചിത്രം കൂടിയാണ് ‘വെയില്‍മരങ്ങള്‍’.
Read more: ഡോ. ബിജുവിന് ഇന്ദ്രൻസിന്റെ മുത്തം; ഷാങ്ഹായിൽ തിളങ്ങി ‘വെയിൽമരങ്ങൾ’