കാലങ്ങളായി മലയാള സിനിമയിലുള്ള നടനാണ് ഇന്ദ്രന്‍സ്. എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് കിട്ടിത്തുടങ്ങിയത് അടുത്ത കാലങ്ങളിലാണ്. കോമഡി കഥാപാത്രങ്ങളില്‍ നിന്നും പ്രാധാന്യമേറിയ കഥാപാത്രങ്ങളിലേക്കുള്ള ചുവടുമാറ്റമാണ് ഇപ്പോള്‍.

ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭം എന്ന ചിത്രത്തിലും വളരെ പ്രാധാന്യമുള്ള ഒരു വേഷമാണ് ഇന്ദ്രന്‍സ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യന്‍ ലിബറേഷന്‍ പാര്‍ട്ടിയുടെ ‘പടനായകന്‍’ പദവി സ്വപ്നം കണ്ട സുരേന്ദ്രന്‍ എന്ന കഥാപാത്രത്തെ, സംവിധായകന്‍ രതീഷ് അമ്പാട്ട് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തിയത്.

നേരത്തെ ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ ഒരുക്കിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച ആശാന്‍ എന്ന കഥാപാത്രത്തോട് കാഴ്ചയില്‍ സാദൃശ്യമുള്ളതാണ് ഐഎല്‍പി സുരേന്ദ്രന്‍. കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനുമായും രൂപസാദൃശ്യം തോന്നുന്നുണ്ടെന്ന് രതീഷ് അമ്പാട്ടിന്റെ ഫെയ്‌സ്ബുക്ക് പേജിനു താഴെ കമന്റുകള്‍ വരുന്നുണ്ട്.

ദിലീപ് നായകനാകുന്ന ചിത്രം വിഷുവിനാണ് തിയേറ്ററുകളില്‍ എത്തുക. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴ് നടന്‍ സിദ്ധാര്‍ത്ഥും കമ്മാരസംഭവത്തില്‍ പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നമിത പ്രമോദാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ