സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ‘ഹോം’ സിനിമയെ മാറ്റി നിർത്തിയ വിഷയത്തിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. ചിത്രം ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാവാമെന്നും ജൂറി ചിത്രം കണ്ടെന്ന് തോന്നുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ലൈംഗിക പീഡന കേസിലെ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബുവാണ്’ഹോമിന്റെ നിർമാതാവ്. അതുകൊണ്ടാണ് ചിത്രത്തെ തഴഞ്ഞതെന്നാണ് അഭ്യൂഹം.
“ജൂറി ഹോം കണ്ടിട്ടില്ലെന്നു തോന്നുന്നു. കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു. കഥാപാത്രത്തിന് അപ്പുറത്തേക്ക് ആ സിനിമയ്ക്ക് എന്തെങ്കിലും അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സിനിമയെ ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. കുടുംബത്തിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ?നിർമാതാവിനെ കുറിച്ചു പറയുന്നതാണ് കാരണമെങ്കിൽ അതിപ്പോഴും ഒരു ആരോപണം മാത്രമല്ലേ. അതങ്ങങ്ങനെയല്ലെന്ന് തെളിഞ്ഞാൽ ജൂറി വീണ്ടും സിനിമ കാണുമോ?,” ഇന്ദ്രൻസ് ചോദിക്കുന്നു.
“ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവയ്ക്കമായിരുന്നു,” എന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
അതേസമയം, ഇതിനു പിന്നിൽ യാതൊരുവിധ അജന്‍ഡയുമില്ലെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്. “വിഖ്യാത ചലച്ചിത്രകാരന്‍ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം തീരുമാനിച്ചത്. അവര്‍ക്ക് കൃത്യമായ സിനിമാ ബോധമുണ്ട്. ഒരുവിധ അജന്‍ഡയുമില്ല,” രഞ്ജിത്ത് വ്യക്തമാക്കി.
ഹോം എന്ന സിനിമയെ തഴഞ്ഞതിനും, ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെയും മഞ്ജു പിള്ളയേയും പരിഗണിക്കാത്തതിനും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. നടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു.
Read more: അവാർഡ് ആർക്ക് സമർപ്പിക്കുന്നു?;രേവതിയുടെ തഗ് മറുപടി, വീഡിയോ