ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ മത്സരം കാണാന്‍ ലോര്‍ഡ്‌സിലെത്തിയ നടൻ ഇന്ദ്രജിത്ത് മത്സരത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ ഹൃദയം തൊടുന്നതായിരുന്നു. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ശക്തമായ പോരാട്ടം കാണാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം.
Read More: ലോകകപ്പ് കാണാന്‍ ഇന്ദ്രജിത്ത് ലോര്‍ഡ്‌സില്‍; ഇന്ത്യ എന്ന വന്മരം വീണെന്ന് ആരാധകര്‍
“കടുത്ത ക്രിക്കറ്റ് പ്രേമിയെന്ന നിലയില്‍, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ചതും ഏറ്റവും അടുത്തുനില്‍ക്കുന്നതുമായ കളികള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു! ഇത് ലോര്‍ഡ്സിലെ ലോകകപ്പ് ഫൈനലുകളായതിനാല്‍ ഇരട്ടി സന്തോഷം തരുന്നു.. നന്നായി കളിച്ചു ഇംഗ്ലണ്ട്! ടൂര്‍ണമെന്റില്‍ നിങ്ങള്‍ ശരിയായ സമയത്ത് എത്തി .. ശരിക്കും അര്‍ഹിക്കുന്ന വിജയം!
പ്രിയപ്പെട്ട കിവീസ്, കെയ്ന്‍ വില്യംസണ്‍, നിങ്ങള്‍ അവിടെയുള്ള എല്ലാവരുടെയും ഹൃദയം കവര്‍ന്നു! സാങ്കേതികമായി 50 ഓവറുകളിലും സൂപ്പര്‍ ഓവറിലും ഒരു സമനില, പക്ഷേ അവസാനം .. നിയമങ്ങള്‍ നിയമങ്ങള്‍ തന്നെയാണ്, ഫലവും അതിനാല്‍ അങ്ങനെ ആയിരിക്കണം!
ഇന്ത്യ ഫൈനലില്‍ പ്രവേശിക്കും എന്ന പ്രതീക്ഷയോടെയാണ് ഫൈനല്‍ കാണാന്‍ ടിക്കറ്റ് വാങ്ങിയത്. ഇന്ത്യ പുറത്തു പോയപ്പോള്‍ ശരിക്കും ഹൃദയം തകര്‍ന്നു. എന്നാല്‍ അവര്‍ പറയുന്നതു പോലെ നല്ല കളികള്‍ എന്നത് തുല്യ ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും. ഒരു യഥാർഥ ക്രിക്കറ്റ് ആരാധകനെ മികച്ച കളികള്‍ എത്രത്തോളം ആഹ്ലാദിപ്പിക്കും എന്നതിന് ഇന്ന് സാക്ഷ്യം വഹിച്ചു! എന്തൊരു അനുഭവമായിരുന്നു അത്… എക്കാലവും ഓര്‍ക്കും!
ടിക്കറ്റിന് നന്ദി അദീബ്.. ടീം ഇന്ത്യയെ മിസ് ചെയ്തു .. ടീം ഇന്ത്യ നന്നായി കളിച്ചു. 2023 ലോകകപ്പിന് ഭാഗ്യം പരീക്ഷിക്കാം. എന്റെ വിഷ് ലിസ്റ്റിലെ ഒരെണ്ണം ചിരിച്ചുകൊണ്ട് ടിക്ക് ചെയ്യുന്നു.”
നാല് ടിക്കറ്റുകളുടെ ചിത്രം ഇന്ദ്രജിത്ത് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെ മറുപടിയുമായി കുഞ്ചാക്കോ ബോബനും എത്തിയിരുന്നു. ‘നമ്മള്‍ നെറ്റ്‌സ് കളിച്ച അതേ ലോര്‍ഡ്‌സ് തന്നെയല്ലേ,’ എന്ന് ചാക്കോച്ചന്‍ ഇന്ദ്രജിത്തിനെ കളിയാക്കിക്കൊണ്ട് ചോദിച്ചു. ‘തന്നെ തന്നെ’ എന്നായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി.
എന്നാല്‍ ലോകകപ്പില്‍ നിന്നും ‘ഇന്ത്യ എന്ന വന്മരം വീണു, ഇനിയാര്’ എന്ന രസകരമായ കമന്റുകളാണ് പലരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൂസിഫറിലെ ഇന്ദ്രജിത്തിന്റെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഡയലോഗായിരുന്നു, ‘പി.കെ.രാംദാസ് എന്ന വന്മരം വീണു പകരം ആര്’.