ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമാകുകയാണ് പൂർണിമ. രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ എന്ന ചിത്രത്തിൽ ഏറെ അഭിനയസാധ്യതകളുള്ള ഒരു കഥാപാത്രത്തെയാണ് പൂർണിമ അവതരിപ്പിക്കുന്നത്. ജൂൺ മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പൂർണിമയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ഇന്ദ്രജിത് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“എല്ലാ കഠിനാധ്വാനവും ക്ഷമയും ഫലം നൽകട്ടെ. സ്ക്രീനിൽ ‘ഉമ്മ’യെ കാണാനായി കാത്തിരിക്കുന്നു,” എന്നാണ് ഇന്ദ്രജിത് കുറിച്ചത്.
18 വർഷങ്ങൾക്കു ശേഷം ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് പൂർണിമ അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. പൂർണിമ അഭിനയിച്ച കോബാൾട്ട് ബ്ലൂ
എന്ന ഹിന്ദിചിത്രവും അടുത്തിടെ റിലീസിനെത്തിയിരുന്നു.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായത്തെകുറിച്ചും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ‘തുറമുഖം’ പറയുന്നത്. നിവിന്‍ പോളി, ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച തുറമുഖത്തിന് ഗോപന് ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, കലാസംവിധാനം ഗോകുല്‍ ദാസ്, സംഗീതം കെ. ഷഹബാസ് അമൻ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് കോ പ്രൊഡ്യൂസർമാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.