നടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള ഓരോ വിവരങ്ങളും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ നായകനാകുന്നത് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണെന്നുകൂടി അറിഞ്ഞതോടെ പ്രേക്ഷകരുടെ ആകാംക്ഷയും വര്‍ദ്ധിച്ചു.

ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഏറ്റവും ഒടുവിലായി അറിയുന്നത് ലൂസിഫറില്‍ വില്ലനായി എത്തുന്നത് നടന്‍ ഇന്ദ്രജിത്താണെന്നാണ്. ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. സഹോദരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് വില്ലനായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ സംവിധായകനോ തിരക്കഥാകൃത്തോ ഇതുവരെ തയ്യാറായിട്ടില്ല. ചിത്രത്തിന്റെ കാസ്റ്റിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുമോ എന്നതാണ് പ്രേക്ഷകരുടെ മറ്റൊരു ആകാംക്ഷ. എന്നാല്‍ അതേപ്പറ്റി ഇതുവരെ തീരുമാനമായില്ലെന്നും. താന്‍ അഭിനയിക്കേണ്ടതായ ഒരു കഥാപാത്രം വരികയാണെങ്കില്‍ ചെയ്യുമെന്നുമായിരുന്നു പൃഥ്വിയുടെ നേരത്തേയുള്ള പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ