/indian-express-malayalam/media/media_files/uploads/2019/03/prithvi-.jpg)
സംവിധാനം എന്നത് ഏറെ നാളായി പൃഥിരാജ് മനസ്സിൽ കൊണ്ടുനടന്ന സ്വപ്നവും പാഷനുമൊക്കെയായിരുന്നു, പറയുന്നത് നടനും പൃഥിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത്ത്. തന്റെ ആദ്യ സംവിധാനസംരംഭത്തിലേക്ക് അനിയൻ വിളിക്കുമ്പോൾ ചേട്ടനായ താനെങ്ങനെ ഒാകെ പറയാതിരിക്കുമെന്നും ഇന്ദ്രജിത്ത് ചോദിക്കുന്നു. ചിത്രത്തിൽ അതിഥിവേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. കാമിയോ റോൾ ആണെങ്കിലും കഥയിൽ പ്രാധാന്യമുള്ള വേഷമാണ് ഇന്ദ്രജിത്തിന്റെ ഗോവർധൻ എന്നാണ് റിപ്പോർട്ടുകൾ.
"സംവിധാനം എന്നത് ഏറെ നാളായി രാജു മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നവും പാഷനുമൊക്കെയാണ്. എന്താണ് തനിക്ക് വേണ്ടത് എന്നതിനെ കുറിച്ച് രാജുവിന് കൃത്യമായ ധാരണയുണ്ട്. ഷൂട്ടിംഗ് ദിവസങ്ങളിൽ രാജു ആർട്ടിസ്റ്റുകൾക്ക് സീൻ വിവരിച്ചു കൊടുക്കുന്നത് സ്ക്രിപ്റ്റ് നോക്കാതെയാണ്. ഓരോ കഥാപാത്രത്തിന്റെയും ഡയലോഗുകൾ രാജുവിന് കാണാപ്പാഠമാണ്. വളരെ ഡീറ്റൈൽ ആയിട്ടാണ് രാജു എനിക്കും സീനുകൾ പറഞ്ഞു തന്നത്. ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ, പെർഫോമൻസിന് പ്രാധാന്യമുള്ള, ചലഞ്ചിംഗ് ആയ കഥാപാത്രമാണ് ഗോവർധൻ. സ്ഥിരം പാറ്റേൺ കഥാപാത്രങ്ങളിൽ നിന്നും എന്നെ വ്യത്യസ്തനായി കാണാനാണ് രാജുവും ആഗ്രഹിച്ചത്," ഇന്ദ്രജിത്ത് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്ത്.
"ഇപ്പോഴും എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് പൃഥിരാജ്, ആരോഗ്യകരമായൊരു വായനാശീലം രാജുവിന് എന്നുമുണ്ട്. കുട്ടിക്കാലത്തും രാജുവിന്റെ കയ്യിൽ എപ്പോഴും ഒരു പുസ്തകം ഉണ്ടാവും, വായന ആയിരുന്നു രാജുവിന്റെ ഏക ഹോബി എന്നു പറയാം. സിനിമയിലെത്തിയപ്പോൾ ഫിലിം മേക്കിംഗ്, ക്യാമറ ടെക്നിക്ക് പോലുള്ള കാര്യങ്ങൾ പഠിക്കാൻ തുടങ്ങി. അതെല്ലാം ആണ് രാജുവിനെ സംവിധാനത്തിലെത്തിച്ചത് എന്നാണ് ഞാൻ കരുതുന്നത്," ഇന്ദ്രജിത്ത് കൂട്ടിച്ചേർക്കുന്നു.
മോഹൻലാൽ, വിവേക് ഓബ്റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, മംമ്താ മോഹൻദാസ്, സായ്‌കുമാർ, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നു തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രം മാർച്ച് 28 ന് റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റിലീസിംഗ് ഡേറ്റ് ലൂസിഫർ ടീം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Read more: മാസ് ലുക്കിൽ മോഹൻലാലിന്റെ 'ലൂസിഫർ' അവതാരം; ചിത്രങ്ങൾ കാണാം
സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുരളി ഗോപി ഒരുക്കിയിരിക്കുന്നു. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് സംജിത് മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.