രാത്രി യാത്രകൾക്ക് അതിന്റേതായൊരു സൗന്ദര്യമുണ്ട്, ഒപ്പം അപകടസാധ്യതകളും. ഒരു നൈറ്റ് ഡ്രൈവിനിടെ സംഭവിക്കുന്ന പ്രശ്നത്തെ ആസ്പദമാക്കിയാണ് സംവിധായകൻ വൈശാഖ് ‘നൈറ്റ് ഡ്രൈവ്’ എന്ന പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
നൈറ്റ് ഡ്രൈവിന്റെ പ്രമോഷനിടെ തന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവത്തെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “അടുത്തിടെ ഞാനും സുഹൃത്തും കൂടി ഒരു നൈറ്റ് ഡ്രൈവ് നടത്തി. ബൈക്കിൽ ബാംഗ്ലൂരിൽ നിന്നും തിരിച്ചുവരികയാണ് ഞങ്ങൾ, സേലത്തിനടുത്ത് എത്തിയപ്പോൾ അൽപ്പം ഇരുട്ടുള്ള ഒരിടത്ത് ബൈക്ക് നിർത്തി വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ്. “
“ഞങ്ങൾക്കു പിന്നിലായി വരുന്ന എന്റെ മേക്കപ്പ്മാന്റെ ബൈക്ക് എത്താൻ വെയിറ്റ് ചെയ്തങ്ങനെ ഇരിക്കുമ്പോൾ രണ്ടു ബൈക്കിലായി ആറുപേർ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു. അവരും വണ്ടി അവിടെ സൈഡാക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി. സുഹൃത്തിനോട് ഞാൻ പെട്ടെന്ന് വണ്ടിയെടുക്കാൻ നിർദ്ദേശം നൽകി ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് വണ്ടിയെടുത്ത് ഓടിച്ചുപോന്നു. കുറച്ചുനേരം അവർ ഞങ്ങളെ പിന്തുടർന്നിട്ട് പിന്നെ കാണാതായി. എന്തായിരുന്നു അവരുടെ ഉദ്ദേശമെന്നറിയില്ല, നമുക്കറിയില്ലല്ലോ വല്ല ക്രൈമുമാണോ പ്ലാൻ എന്ന്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, രാത്രിയൊക്കെ ഡ്രൈവ് ചെയ്യുന്ന സുഹൃത്തുക്കളോട് പറയാനുള്ളത് ആളും വെളിച്ചവുമൊക്കെയുള്ള സ്ഥലങ്ങളിൽ വണ്ടി നിർത്താൻ ശ്രദ്ധിക്കുക,” എന്നാണ്.
ഒരു മാസത്തോളം, രാത്രിസമയത്തായിരുന്നു നൈറ്റ് ഡ്രൈവിന്റെ ഷൂട്ട് എന്നും ആ സമയത്ത് ഉറക്കം അൽപ്പം പ്രശ്നമായിരുന്നുവെന്നും ഇന്ദ്രജിത്ത്. ” ആ സമയത്ത് ഉറക്കം പ്രശ്നമായിരുന്നു, സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാവിലെ ആറുമണിയാവും, പിള്ളേര് ഏഴുമണിയാവുമ്പോഴേക്കും സ്കൂളിൽ പോവാനുള്ളത് കൊണ്ട് എണീറ്റിട്ടുണ്ടാവും. പിന്നെ അവരോടൊക്കെ ഒന്ന് സംസാരിച്ചിട്ട് പകൽ കിടന്നുറങ്ങി രാത്രി ലൊക്കേഷനിലേക്ക്,” ‘നൈറ്റ് ഡ്രൈവ്’ ചിത്രീകരണ സമയത്തെ അനുഭവം പങ്കുവച്ച് ഇന്ദ്രജിത്ത് പറഞ്ഞു.
അന്ന ബെന്നും റോഷൻ മാത്യും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ദുരൂഹതയുള്ള ഒരു സംഭവത്തില്‍ കുടുങ്ങിപ്പോകുന്നതാണ് ‘നൈറ്റ് ഡ്രൈവ്’ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ആന്‍ മെഗാ മീഡിയ ആണ് ‘നൈറ്റ് ഡ്രൈവ്’ നിർമ്മിക്കുന്നത്. അഭിലാഷ് പിള്ള തിരക്കഥയും രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഷാജി കുമാർ ഛായാഗ്രാഹണവും സുനിൽ എസ് പിള്ള എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.