ഇന്ദ്രജിത്തിന്റെ ഇളയമകൾ നക്ഷത്ര അഭിനയ രംഗത്തേക്ക്. ‘ടിയാൻ’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞു നക്ഷത്ര വെളളിത്തിരയിലേക്ക് ചുവട് വെയ്‌ക്കുന്നത്. ഇന്ദ്രജിത്തും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ടിയാൻ. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകൾ ആര്യയുടെ വേഷത്തിലാണ് നക്ഷത്രയെത്തുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇന്ദ്രജിത്ത് തന്നെയാണ് മകൾ അഭിനയിക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ദ്രജിത്തും മകളും ഒരുമിച്ചുളള നിരവധി നല്ല മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

ഇന്ദ്രജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
എന്റെ ഇളയമകൾ നക്ഷത്ര ടിയാൻ-ലൂടെ അഭിനയരംഗത്തേക്ക് ആദ്യ ചുവടുവെക്കുകയാണ്. ഞാൻ അവതരിപ്പിക്കുന്ന പട്ടാഭിരാമൻറെ മകൾ ആര്യയുടെ വേഷം ആണ് നക്ഷത്ര അവതരിപ്പിക്കുന്നത്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല കുറച്ചു മുഹൂർത്തങ്ങൾ ടിയാനിൽ ഉണ്ട്. ഒരു നടൻ എന്ന നിലയ്‌ക്ക്, ഈ പുതിയ അനുഭവം എനിക്കും മകൾക്കും സമ്മാനിച്ച ടിയാന്റെ എല്ലാ അണിയറപ്രവർത്തകർക്കും എന്റെ നന്ദി.
ഒപ്പം, എന്റെ അച്ഛനെയും ഈ അവസരത്തിൽ ഓർക്കുന്നു!
ശേഷം സ്‌ക്രീനിൽ

nakshtra indrajith

ഇന്ദ്രജിത്ത് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌ത ചിത്രം

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാൻ. നവാഗതനായ ജിയെൻ കൃഷ്‌ണകുമാറാണ് ചിത്രത്തിന്റ സംവിധായകൻ. ചിത്രത്തിൽ അസ്‌ലൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ഈദിന് ചിത്രം തിയേറ്ററിലെത്തും. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു ചിത്രത്തിന്റെ വലിയൊരു ഭാഗം ചിത്രീകരിച്ചത്. പുണെ, മുംബൈ എന്നിവിടങ്ങളായിരുന്നു മറ്റു ലൊക്കേഷനുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ