സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തിരക്കിലാണ് രാജ്യം. ഇവിടെ കേരളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കിലും. അന്‍പോട് കൊച്ചിയില്‍ നിന്ന് ഈ തിരക്കുകള്‍ക്കിടയില്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയാണ് ഇന്ദ്രജിത്തും പൂര്‍ണിമയും മക്കളും.

കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിലാണ് അൻപോട് കൊച്ചി പ്രവർത്തകർ കളക്ഷൻ സെന്റർ നടത്തുന്നത്. കഴിഞ്ഞ പ്രളയ കാലത്തും ഇവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നു. ഇന്ദ്രജിത്തിനും പൂർണിമയ്ക്കും പുറമേ മറ്റ് സിനിമാ പ്രവർത്തകരും ഇവർക്കൊപ്പം ഉണ്ട്.

കഴിഞ്ഞ മഹാപ്രളയ കാലത്തും അൻപോട് കൊച്ചി പ്രവർത്തകരുടെ സേവനം ഏറെ ശ്രദ്ധ നേടിയിരുന്നു. ടൺ കണക്കിന് സാധനങ്ങളാണ് പ്രളയം ദുരിതം വിതച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അൻപോട് കൊച്ചി പ്രവർത്തകർ ശേഖരിച്ച് എത്തിച്ചത്. അത്തരത്തിൽ ഒരിക്കൽ കൂടി മഹാദുരിതത്തെ കൈകോർത്ത് നേരിടാനൊരുങ്ങുകയാണ് അൻപോട് കൊച്ചി കൂട്ടായ്മ. ഇതുവരെ 23 ലോഡുകൾ ഇവർ മലബാറിലേക്ക് കയറ്റി വിട്ടു കഴിഞ്ഞു.

Read More: Kerala Floods: പ്രളയബാധിതർക്കായി കേരളം കൈകോർക്കുന്നു

കഴിഞ്ഞ തവണ നടിമാരായ പാർവ്വതി ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യം കൂടിയാണ് ‘അൻപോടു കൊച്ചി’യെ മുഖ്യധാരയിൽ എത്തിച്ചത്. കൂട്ടായ്മയിലേക്ക് സഹായ സഹകരണങ്ങൾ ആവശ്യപ്പെട്ട് പാർവ്വതിയും റിമയും രമ്യയും പൂർണിമയുമെല്ലാം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. എറണാകുളം മുൻ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി രാജമാണിക്യം എന്നിവര്‍ക്കൊപ്പം സിനിമാ താരങ്ങളായ രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍, സരയു തുടങ്ങിയവരും അവിടെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

Read More: Kerala Floods: ‘അൻപോടു കൊച്ചി’യില്‍ കണ്ടത്

2015ലെ ചെന്നൈയിലെ പ്രളയകാലത്താണ് ‘അൻപോട് കൊച്ചി’ എന്ന സംഘടനയുടെ തുടക്കം. ദുരന്തങ്ങൾ വരുന്നതുപോലെ മുന്നറിയിപ്പില്ലാതെയായിരുന്നു ദുരിത ബാധിതരെ സഹായിക്കാനുള്ള ഈ കൈകളും നീണ്ടത്. ഇന്ദ്രജിത്തും പൂർണിമയുമാണ് ഈ ആശയത്തിനു പിന്നിൽ. ഇരുവരും ചേർന്ന് ഉടൻ ഫെയ്സ്ബുക്ക് പേജ് തുടങ്ങി. പിന്നീട് ഇതിലേക്ക് സന്നദ്ധപ്രവർത്തകർ വന്നു ചേരുകയായിരുന്നു.

ചെന്നൈയിലെ ദുരിത ബാധിതർക്കാവശ്യമായ ഭക്ഷണം,വെള്ളം, വസ്ത്രങ്ങള്‍,എമര്‍ജന്‍സി ലൈറ്റുകള്‍, പാത്രങ്ങള്‍, മെഴുകുതിരികള്‍, സാനിട്ടറി നാപ്കിന്‍, ഡയപ്പര്‍ തുടങ്ങിയ സാധനങ്ങളെല്ലാം പാക്ക് ചെയ്താണ് കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് ഇവർ അയച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരും കോളേജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ അനേകം പേര്‍ ‘അന്‍പോടു കൊച്ചി’ക്കൊപ്പമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook