താരങ്ങളുടെ ഇഷ്ടങ്ങളും വിനോദങ്ങളും വിശേഷങ്ങളുമൊക്കെ അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യമേറെയാണ്. ഇപ്പോഴിതാ, നടൻ ഇന്ദ്രജിത്ത് സുകുമാരന്റെ ഏറ്റവും വലിയ ഒരു ഹോബിയെ കുറിച്ചുള്ള വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. വെറുതെയിരിക്കുമ്പോൾ കൂടുതലും ആനിമൽ വീഡിയോസ് കാണാനാണ് താരത്തിന് ഇഷ്ടം. ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയും അവതാരികയും ഫാഷൻ ഡിസൈനറുമെല്ലാമായ പൂർണിമയാണ് ഭർത്താവിനെ കുറിച്ചുള്ള ഈ കൗതുകകരമായ കാര്യം ഒരു വീഡിയോയുടെ രൂപത്തിൽ പങ്കുവച്ചിരിക്കുന്നത്.
വീട്ടിൽ ഇരുന്ന് ഫോണിൽ ആനിമൽ ഗെയിം രസിച്ച് കാണുന്ന ഇന്ദ്രജിത്തിനെയാണ് വീഡിയോയിൽ കാണാനാവുക. പലപ്പോഴായി ഷൂട്ട് ചെയ്ത വീഡിയോകളുടെ കൊളാഷ് ആണിത്. ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് പൂർണിമ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകൾ എന്നാണ് പൂർണിമ കുറിച്ചത്.
View this post on Instagram
സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായ ഇന്ദ്രജിത്ത് ‘പടയണി’ എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിലെത്തുന്നത്. വർഷങ്ങൾക്കു ശേഷം ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിൽ വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ രണ്ടാം വരവ്. ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രമാണ് ഇന്ദ്രജിത്തിനെ ആദ്യകാലങ്ങളിൽ ശ്രദ്ധേയനാക്കിയ ചിത്രങ്ങളിൽ ഒന്ന്.
മിഴിരണ്ടിലും പട്ടാളം, റൺവേ, വേഷം, ചാന്തുപൊട്ട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, കൽക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, ട്വന്റി 20, ഹാപ്പി ഹസ്ബെന്റ്സ്, സിറ്റി ഓഫ് ഗോഡ്, ത്രീ കിംഗ്സ്, ആമേൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലക്ഷ്യം, ഹലാൽ ലവ് സ്റ്റോറി എന്നിങ്ങനെ അമ്പതിലേറെ ചിത്രങ്ങളിലായി വൈവിധ്യമാർന്ന ധാരാളം വേഷങ്ങൾ ഇന്ദ്രജിത്ത് അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷാചിത്രങ്ങളിലും ഇന്ദ്രജിത്ത് അഭിനയിച്ചിട്ടുണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ റോഡ് ടു ദി ടോപ്പിലും ഇന്ദ്രജിത്ത് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്ലെ വട്ട് ജയൻ എന്ന കഥാപാത്രം ഇന്ദ്രജിത്തിന്റെ കരിയറിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.
Read more: ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ…; ഒന്നിച്ച് ചുവടുവച്ച് പൂർണിമയും ഇന്ദ്രജിത്തും- വീഡിയോ