മലയാളികളുടെ പ്രിയ താരങ്ങളായ മഞ്‌ജു വാര്യരുടെയും ഇന്ദ്രജിത്തിന്റെയും കുട്ടിക്കാലമവതരിപ്പിക്കാൻ അഭിനേതാക്കളെ ക്ഷണിക്കുന്നു. സാജിദ് യാഹിയയൊരുക്കുന്ന ചിത്രത്തിന്റെ ഭാഗമാവാനാണ് അവസരം. മഞ്‌ജുവും ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന ‘ഒരു കട്ട മോഹൻലാൽ ഫാൻ’ സിനിമയിലേക്കാണ് ഇരുവരുടെയും മൂന്ന് കാലഘട്ടങ്ങളിലെ കുട്ടിക്കാലം അവതരിപ്പിക്കാൻ അഭിനേതാക്കളെ ക്ഷണിക്കുന്നത്. 8, 14, 18 വയസ് പ്രായമുളളവരെയാണ് തേടുന്നത്.

ഇരുവരുടെയും ബാല്യ കൗമാര കാലങ്ങളിലെ മുഖവുമായി സാമ്യമുളളവർക്കും അല്ലാത്തവർക്കും അവരുടെ ചിത്രങ്ങളും അഭിനയ ദൃശ്യങ്ങളടങ്ങിയ വിഡിയോകളും അയക്കാം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ആ മിന്നാരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും കാസ്റ്റിങ് കാളിൽ പറയുന്നുണ്ട്.

രസകരമായ രീതിയിലാണ് സിനിമയുടെ കാസ്‌റ്റിങ് കോൾ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. മോഹൻലാൽ അഭിനയിച്ച വിവിധ സിനിമകളുടെ പേരുകൾ വച്ചുളളതാണ് കാസ്റ്റിങ് കോൾ. ഉണ്ണികളേ ഒരു കഥ പറയാം, വാണ്ടഡ്, മുഖം, ചിത്രം, ദൃശ്യം, പക്ഷേ, നിർണ്ണയം, അർഹത, ഒപ്പം, മിന്നാരം, ശേഷം കാഴ്‌ചയിൽ തുടങ്ങിയ സിനിമയുടെ പേരുകൾ വച്ചാണ് കാസ്റ്റിങ് കോൾ തയാറാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ