മോഹൻലാൽ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങിയതു മുതൽ അതിലെ ഒരു പാട്ടാണ് ഏവരും ഏറ്റു പാടിയത്. ടീസർ കണ്ട ആരുടെയും നാവിൻ തുമ്പിൽ നിന്ന് ആ ഗാനം പെട്ടെന്ന് പോയില്ല. ‘ലാലേട്ടാ…’ എന്ന ഗാനം അത്രയ്ക്കും മനോഹരമായിട്ടാണ് ഗായിക ആലപിച്ചിരുന്നത്. ടീസറിന്റെ ഹൈലൈറ്റും ഈ ഗാനമായിരുന്നു. ഗാനം കേട്ടതു മുതൽ ആ ഗായിക ആരാണെന്ന് എല്ലാവരും അന്വേഷിക്കുകയായിരുന്നു.

മലയാള സിനിമയിലെ താര കുടുംബത്തിൽനിന്നുളള ജൂനിയർ താരമാണ് ഗായിക. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന ഇന്ദ്രജിത്ത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുരേഷ് വരനാട് ഫെയ്സ്ബുക്കിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

മോഹൻലാലിന്റെ ടീസർ ജനങ്ങളിലേക്ക് എത്തിയ അന്ന് മുതൽ ഞാൻ കേൾക്കുന്ന ഒരു ചോദ്യമാണ്, അതിൽ കേൾക്കുന്ന, ‘ലാലേട്ടാ ലാ ലാ’ എന്ന ഗാനം ആലപിച്ച ആ ഇമ്പമുള്ള ശബ്ദത്തിന്റെ ഉടമ ആരാണെന്ന് ആ കക്ഷിയെയാണ് നിങ്ങൾ ദേ ഈ ഫോട്ടോയിൽ കാണുന്നതെന്ന് പറഞ്ഞാണ് അദ്ദേഹം ഇന്ദ്രജിത്തും മകളും ഉളള ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

യൂട്യൂബിൽ താരമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ പാട്ടും ഗിറ്റാർ വായനയും യൂട്യൂബിൽ ഹിറ്റായിരുന്നു. മലയാളം പാട്ടുകൾ മാത്രമല്ല ഇംഗ്ലീഷ് ഗാനവും പ്രാർത്ഥന നന്നായി പാടും.

സാജിദ് യഹിയ ആണ് മോഹൻലാൽ സിനിമയുടെ സംവിധായകൻ. സിനിമയിൽ മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫ് ആണ്. മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ