ഇഷ്ടനായകന്മാരുടെ കൂട്ടത്തിൽ മുൻനിരയിലുള്ള താരമാണ് ഇന്ദ്രജിത്ത് സുകുമാരൻ. 1986 ൽ ‘പടയണി’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്ത് തുടക്കം കുറിച്ച ഇന്ദ്രജിത്ത് പിന്നീട് അനവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന ഇന്ദ്രജിത്തിന്റെ പിറന്നാളാണിന്ന്.
കഴിഞ്ഞ ദിവസമായിരുന്നു ഭാര്യ പൂർണിമയുടെ പിറന്നാളും ഇരുവരുടെയും വിവാഹവാർഷികവും ഒന്നിച്ചാഘോഷിച്ചത്. ടർക്കിയിലേക്കുള്ള യാത്രയാണ് ആഘോഷത്തിനായി ഇരുവരും തിരഞ്ഞെടുത്തത്. തന്റെ പിറന്നാൾ ദിവസം പൂർണിമ പങ്കുവച്ച ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞെത്തിയ ഭർത്താവിന്റെ പിറന്നാളും ആഘോഷമാക്കിയിരിക്കുകയാണ് പൂർണിമ.
“എന്റെ ഏറ്റവും പ്രിയപ്പെട്ടവനു പിറന്നാളാശംസകൾ” എന്നാണ് ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് പൂർണിമ കുറിച്ചത്. ഇന്ദ്രജിത്ത് പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോയും പൂർണിമ ഷെയർ ചെയ്തിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ സഹോദരനും നടനുമായ പൃഥ്വിരാജും ആശംസകളറിയിച്ച് ചിത്രം പങ്കുവച്ചു.

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘റാം’ ആണ് ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രം. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ തൃഷ, സംയുക്ത മേനോൻ, ദുർഗ കൃഷ്ണ, അനൂപ് മേനോൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.