രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമായ ‘തുറമുഖം’ തിയേറ്ററിലെത്തിയിരിക്കുകയാണ്. ചിത്രത്തിൽ പൂർണിമ ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമെന്നാണ് അഭിപ്രായങ്ങൾ വരുന്നത്. സിനിമാസ്വാദകരുടെ ഭാഗത്തു നിന്നും അഭിനന്ദനങ്ങൾ ഉയരുന്നുണ്ട്. പൂർണിമയുടെ ഭർത്താവും നടനുമായ ഇന്ദ്രജിത്തും അഭിനന്ദനം അറിയിച്ചു കൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.
ചിത്രത്തിലെ പൂർണിയുടെ കഥാപാത്രത്തിന്റെ ഫൊട്ടൊകൾ പങ്കുവച്ചു കൊണ്ടാണ് ഇന്ദ്രജിത്ത് അഭിനന്ദനം അറിയിച്ചത്. “കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം അവർ കാഴ്ചവയ്ക്കുമ്പോൾ അതേ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. അഭിനമാനം ഉമ്മാ” എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്. അനവധി ആരാധകരും പോസ്റ്റിനു താഴെ അഭിനന്ദനം അറിയിക്കുന്നുണ്ട്.
2019ൽ പുറത്തിറങ്ങിയ ആഷിക് അബു ചിത്രം ‘വൈറസി’ലാണ് പൂർണിമ അവസാനമായി അഭിനയിച്ചത്. 2019 ൽ ചിത്രീകരണം കഴിഞ്ഞ് ചിത്രം നാലു വർഷങ്ങൾക്കു ശേഷമാണ് ‘തുറമുഖം’ റിലീസിനെത്തിയത്. നിവിൻ പോളി,ജോജു ജോർജ്, അർജുൻ അശോകൻ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ് എന്നിവർ ചേർന്നാണ് നിർമാണം.