കേരളത്തിന്റെ സ്വന്തം കായികവിനോദമായ വടംവലി പ്രമേയമായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ഇന്ദ്രജിത്ത് നായകനാവുന്ന ‘ആഹാ’. യഥാർത്ഥ സംഭവകഥയിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ചിത്രം ഒരുക്കുന്നത്. എഡിറ്റർ ബിബിൻ പോൾ സാമുവൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ആഹാ’.
പകൽ റബ്ബർ ടാപ്പിംഗ് തൊഴിലാളികളുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് ലൊക്കേഷനാവുന്നത് കോട്ടയത്തെ നീളൂർ ഗ്രാമമാണ്. “റബ്ബർ ടാപ്പിംഗ്, കാറ്ററിംഗ് പോലുള്ള ജോലികൾ ചെയ്യുന്ന റസ്റ്റിക് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണിത്, വടംവലിയാണ് അവരെ സൂപ്പർസ്റ്റാറുകളാക്കുന്നത്. കോട്ടയം നീളൂരിലെ ആഹാ കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വടംവലി ടീമുകളിൽ ഒന്നാണ്. തൊണ്ണൂറുകളിൽ സ്ഥാപിക്കപ്പെട്ട ആഹാ ടീം അതുവരെ പങ്കെടുത്ത 73 കളികളിൽ 72 എണ്ണത്തിലും വിജയകരമായി. ആഹാ ടീമാണ് ഈ ചിത്രത്തിനുള്ള പ്രചോദനം,” ചിത്രത്തെ കുറിച്ച് ബിബിൻ പോൾ സാമുവൽ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ബിബിൻ പോൾ.
പ്രേ എബ്രഹാമാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ എഡിറ്റിംഗും ബിബിൻ പോൾ തന്നെ നിർവ്വഹിക്കും. തോബിത് ചിറയത്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് സയനോര ഫിലിപ്പ് ആണ്. ഇന്ദ്രജിത്തിനെ കൂടാതെ അശ്വിൻ കുമാറും അമ്പതോളം പുതുമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ ആരംഭിക്കും.
‘ലൂസിഫർ’, ‘വൈറസ്’ തുടങ്ങിയവയാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ഇന്ദ്രജിത്ത് ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളിലെയും ഇന്ദ്രജിത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷക പ്രശംസ നേടിയിരുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ ആണ് ഇനി റിലീസിനെത്താനുള്ള ചിത്രം.