ഒരുകാലത്ത് നാട്ടിലെ ഏതു പരിപാടിയിലും സജീവമായി കേട്ടിരുന്ന ഒരു പാട്ടാണ് ‘നന്ദലാല ഹേയ് നന്ദലാല’. വിനയൻ സംവിധാനം ചെയ്ത് 1999ൽ പുറത്തിറങ്ങിയ ‘ഇൻഡിപെൻഡൻസ്’ എന്ന ചിത്രത്തിലേതായിരുന്നു ഈ ഗാനം. ഇന്ദ്രജ, വാണി വിശ്വനാഥ്, കലാഭവൻ മണി, സുകുമാരി എന്നിവർ തകർത്തഭിനയിച്ച ഗാനരംഗം ഒരു മലയാളിയും മറക്കാൻ ഇടയില്ല. സ്കൂളുകളിലെ കലോത്സവ വേദികളിലും നാട്ടിലെ സാംസ്കാരിക പരിപാടികളിലും സ്ഥിര സാന്നിധ്യമായ ഈ ഗാനത്തിന് വർഷങ്ങൾക്ക് ശേഷം വീണ്ടും ചുവടുവയ്ക്കുകയാണ് ഇന്ദ്രജ. കൂടെ നൃത്ത സംവിധായിക സജ്ന നജാമുമുണ്ട്.
22 വർഷത്തിനിപ്പുറവും ആ ഗാനത്തിനോടുള്ള ആളുകളുടെ സ്നേഹം തിരിച്ചറിയാൻ സജ്ന നജാം പങ്കുവച്ച വീഡിയോയുടെ താഴെയുള്ള കമന്റുകൾ വായിച്ചാൽ മതി. മിക്കവർക്കും ഗൃഹാതുരമായ ഓർമകളാണ് പങ്കുവയ്ക്കാനുള്ളത്.
‘ക്രോണിക് ബാച്ചിലറി’ലെ പിടിവാശിക്കാരിയും ഗൗരവക്കാരിയുമായ ഭവാനിയെന്ന ഇന്ദ്രജയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. മമ്മൂട്ടിക്കൊപ്പം കരുത്തയായ പ്രതിനായികയായി നിന്ന് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി ഇന്ദ്രജ. ‘ഉസ്താദ്’, ‘എഫ് ഐ ആർ’, ‘ശ്രദ്ധ’, ‘ബെൻ ജോൺസൺ’, ‘വാർ ആൻഡ് ലവ്’ തുടങ്ങി നിരവധി മലയാള സിനിമകളിലൂടെയും ഇന്ദ്രജ മലയാളികളുടെ ഇഷ്ടം കവർന്നു.
Read More: തെന്നിന്ത്യൻ നടി ഇന്ദ്രജ വീണ്ടും മലയാളത്തിൽ
തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി എഴുപത്തിയഞ്ചോളം ചിത്രങ്ങളിലും നിരവധിയേറെ ടെലിവിഷൻ സീരിയലുകളിലും വേഷമിട്ട ഇന്ദ്രജയുടെ ആദ്യചിത്രം തമിഴിൽ റിലീസ് ചെയ്ത ‘ഉഴൈപ്പാലി’ ആയിരുന്നു. പിന്നീട് തെലുങ്ക്, കന്നട ചിത്രങ്ങളുടെ ഭാഗമായ ഇന്ദ്രജ അതിനു ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. കെ.മധു സംവിധാനം ചെയ് ‘ദ ഗോഡ് മാൻ’ ആയിരുന്നു ഇന്ദ്രജയുടെ ആദ്യ മലയാള ചിത്രം.
ഇന്ദ്രജയും സജ്ന നജാമും അടുത്ത സുഹൃത്തുക്കളാണ്. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ഡാൻസ് കരിയർ ആരംഭിച്ച സജ്ന നൃത്തസംവിധാനം ചെയ്ത ആദ്യ ചിത്രം ‘വിക്രമാദിത്യനി’ലൂടെ മികച്ച നൃത്തസംവിധായികയ്ക്കുള്ള ആ വർഷത്തെ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ചിറയന്‍ കീഴിലെ ഒരു മുസ്‌ലിം കുടുംബത്തില്‍ എം.എ.നാസറിന്റെയും ആയിഷയുടേയും മകളായാണ് സജ്‌ന ജനിച്ചത്. ചിറയന്‍ കീഴിലെ കുട്ടിക്കാലത്ത് കുടുംബത്തിന്റെ സ്വന്തം തിയേറ്ററില്‍ പോയി സിനിമ കാണുകയും സിനിമയ്ക്കിടെ പാട്ട് വരുമ്പോള്‍ അതിനൊപ്പം നിന്ന് നൃത്തം ചെയ്യുകയും ചെയ്തിരുന്നതാണ് നൃത്തരംഗത്തെ സജ്‌നയുടെ ബാലപാഠങ്ങള്‍. കാര്‍ഡ് എടുക്കുന്നതിന് മുന്‍പ് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗികമായി കോറിയോഗ്രാഫി ചെയ്ത ആദ്യ ചിത്രം വിക്രമാദിത്യന്‍ ആയിരുന്നു.