ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. ഒരു മാസത്തിലേറെയായി മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ജനുവരി പതിനൊന്നിനാണ് 92 വയസ്സുകാരിയായ ലതാ മങ്കേഷ്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചിരുന്നെങ്കിലും അവർ ഇടയ്ക്ക് അപകടനില തരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ന് രാവിലെ 8.12 നായിരുന്നു അന്ത്യം. ഉച്ചയ്ക്ക് 12.15 ഓടെ ആശുപത്രിയിൽ നിന്ന് മുംബൈയിലെ ശിവാജി പാർക്കിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹം വൈകുന്നേരം 6.30 ന് സംസ്‌കരിച്ചു.
ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരമർപ്പിക്കാൻ മുംബൈയിലെത്തിയിരുന്നു.
Also Read: ലതാ മങ്കേഷ്കർക്ക് അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിക്കുന്ന ലതാ മങ്കേഷ്കറിന്റെ ജനനം സംഗീത കുടുംബത്തിലായിരുന്നു. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളാണ് ലത. അമ്മ ശുദ്ധമാതി. സ്വന്തമായി നാടക കമ്പനിയുണ്ടായിരുന്ന അച്ഛന്‍, തന്റെ പുത്രിമാരെ സംഗീതസാന്ദ്രമായ ഒരന്തരീക്ഷത്തില്‍ വളര്‍ത്തി, തന്റെ സംഗീത സപര്യ തുടരാന്‍ പ്രേരിപ്പിച്ചു. ദീനനാഥ് മങ്കേഷ്കർ തന്നെയാണ് മകളുടെ കഴിവുകള്‍ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും. ലത മങ്കേഷ്കർക്കും സഹോദരിയായ ആശ ഭോസ്‌ലെയ്ക്കും വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ശാസ്ത്രീയ സംഗീതത്തില്‍ ശിക്ഷണം നല്‍കി.
പിതാവിൽനിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ലത അഞ്ചാമത്തെ വയസ്സ് മുതൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴാണ് ദീനനാഥ് മങ്കേഷ്കകർ മരിക്കുന്നത്. 1942ല്‍ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ലതാ മങ്കേഷ്കറിന് പ്രായം 13. ഒരു മറാത്തി ചിത്രത്തിന് വേണ്ടി ആലപിച്ച ആ ഗാനം പിന്നീട് ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു. അവസാനം പാടിയ ഗാനം റെക്കോര്‍ഡ് ചെയ്യപ്പെട്ടത് 2015ലാണ്, ഒരു ഇന്തോ-പാക് ചിത്രത്തിന് വേണ്ടിയായിരുന്നു അത്. അതിനു ശേഷം എത്രയോ ചലച്ചിത്രകാരന്മാര്‍ ശ്രമിച്ചിട്ടും, ‘ലതാ മങ്കേഷ്കറിന്റെ അമ്പലം’ എന്ന് സംഗീത സംവിധായകന്‍ നൗഷാദ് വിശേഷിപ്പിച്ച റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലേക്ക് അവര്‍ കയറിയില്ല.
1999ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2001ലാണ് ഭാരതരത്നം ലഭിച്ചത്. പത്മഭൂഷൺ (1969), പത്മവിഭൂഷൺ (1999), ദാദാസാഹിബ് ഫാൽക്കെ അവാർഡ് (1989), ഭാരതരത്നം (2001), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.
പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ആശാ ഭോസ്‌ലേ ഇളയ സഹോദരിയാണ്. തന്റെ ശബ്ദസൗകുമാര്യം കൊണ്ടും, ആലാപന മികവു കൊണ്ടും ബോളിവുഡിന്റെ സംഗീത റാണിയായി അവര്‍ പരിലസിച്ചു. സഹോദരി ആശാ ഭോസ്‌ലെയ്ക്കല്ലാതെ മറ്റൊരാള്‍ക്കും ഇടം നല്‍കാത്ത വിധത്തില്‍ മങ്കേഷ്കര്‍ സഹോദരിമാര്‍ ഇന്ത്യൻ സംഗീതലോകത്ത് അരങ്ങു വാണു.
Also Read: ശബ്ദമാധുര്യത്തിന് ഇനി വിശ്രമം; നികത്താനാകാത്ത വിടവെന്ന് പ്രധാനമന്ത്രി