ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന അമിതാഭ് ബച്ചന് ഇന്ന് എഴുപതിയഞ്ചാം പിറന്നാള്‍. തന്‍റെ കുടുംബതോടോപ്പം മാലി ദ്വീപിലാണ് ബച്ചന്‍ ഈ ദിനം ആഘോഷിക്കുക. ഭാര്യ ജയ, മക്കളായ അഭിഷേക്, ശ്വേത, മരുമക്കള്‍ ഐശ്വര്യ, നിഖില്‍, കൊച്ചു മക്കള്‍ നവ്യ, അഗസ്ത്യ, ആരാധ്യ എന്നിവരെല്ലാം തന്നെ ഈ വിശേഷ ദിവസത്തില്‍ ബച്ചനോടോപ്പമുണ്ട്.
‘ഈ ദിനത്തില്‍ നിങ്ങള്‍ ചൊരിയുന്ന ആശംസകള്‍ക്കും സ്നേഹത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’ എന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവരോട് ബച്ചന്‍ പ്രതികരിച്ചു.

പ്രായം തട്ടാത്ത ഓജസ്സുമായി സിനിമയിലും ടെലിവിഷനിലും ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ബച്ചന്‍ ഇപ്പോള്‍ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ എന്ന ചിത്രവും ‘കോന്‍ ബനേഗ ക്രോര്‍പതി’ എന്ന ടെലിവിഷന്‍ ഷോയും ചെയ്തു വരുന്നു.
1942 ഒകടോബര്‍ 11ന് കവി ഹരിവന്ഷ് റായ് ബച്ചന്റേയും തേജി ബച്ചന്റേയും മൂത്ത മകനായി അലഹബാദില്‍ ജനിച്ചു. പഠനത്തിനു ശേഷം 1969 തില്‍ മൃണാള്‍ സെന്നിന്‍റെ ‘ഭുവന്‍ ഷോം’ എന്ന ചിത്രത്തില്‍ ശബ്ദ കലാകാരനായി സിനിമയില്‍ അരങ്ങേറി. ആദ്യമായി അഭിനയിച്ച ചിത്രം ‘സാത്ത് ഹിന്ദുസ്ഥാനി’. അതില്‍ തുടങ്ങി നൂറു കണക്കിന് ചിത്രങ്ങള്‍ – അഭിനേതാവായും, ശബ്ദകലാകരനായും, നിര്‍മ്മാതാവായും.