മലയാളത്തിലെ ആദ്യ സൂപ്പര്‍ താര 3D ചിത്രം പ്രൊഫസര്‍ ‘ഡിങ്കന്‍’ അണിയറയില്‍ ഒരുങ്ങുകയാണ്. ദിലീപ്, നമിത പ്രമോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവാണ്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ 4 ദിവസമായി തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വിദേശ റിഗ്ഗും, റെഡ് ഡ്രാഗണ്‍ ക്യാമറയും, മാജിക്ക് ഷോയും അടക്കം ആകെയൊരു ഉത്സവ അന്തരീക്ഷമാണ് പൂജപ്പുര ഗ്രാണ്ടില്‍. എന്നാല്‍ ഇതിനെല്ലാമിടയിലും സെറ്റിലെ പ്രധാന താരം മറ്റൊന്നാണ്. പ്രൊഫസര്‍ ഡിങ്കന്‍ ഗ്രാഫിക്‌സ് ആലേഖനം ചെയ്തിരിക്കുന്ന ഈ ട്രാവലര്‍ വാന്‍ ഒരു ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇന്ത്യയിലെ ആദ്യ 3D സ്‌പോട്ട് എഡിറ്റിങ് യൂണിറ്റാണ് ഈ വാഹനം.
3d spot editing, dileep, dinkan

ഡിജിറ്റല്‍ ക്യാമറ യുഗത്തില്‍ സ്‌പോട്ട് എഡിറ്റിങ് യൂണിറ്റുകള്‍ എല്ലാ സെറ്റുകളിലും ഒരു അനിവാര്യതയാണ്. സാധാരണ ഗതിയില്‍ ക്യാമറയില്‍ നിന്ന് ഫീഡ് ലഭിക്കുന്ന ഒരു കംപ്യൂട്ടറാണ് സപോട്ട് എഡിറ്റിങ്ങിനായി ഉപയോഗിക്കുന്നത്. എന്നാല്‍ മലയാളത്തിലെ ആദ്യ സൂപ്പര്‍ താര മുഴുനീള 3D ചിത്രമായ പ്രൊഫസര്‍ ഡിങ്കന്റെ സെറ്റില്‍ എല്ലാം ഗ്രാന്റ് സ്‌കേലിലാണ്.

Read More: മാജിക് ഡിങ്കനുമായി രാമചന്ദ്ര ബാബു

3D യില്‍ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ 3D യില്‍ തന്നെ എഡിറ്റ് ചെയ്യണം എന്ന തീരുമാനത്തില്‍ നിന്നാണ് ഇന്ത്യയിലെ ആദ്യ 3D സ്‌പോട്ട് എഡിറ്റിങ് യൂണിറ്റ് പിറക്കുന്നത്. റെഡ് ഡ്രാഗണ്‍ ക്യാമറ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ ക്വാളിറ്റ് ലോസ് വരാതെ എഡിറ്റ് ചെയ്യാന്‍ നിലവില്‍ നമ്മുടെ നാട്ടിലുള്ള എഡിറ്റിങ് സ്യൂട്ടുകള്‍ പര്യാപത്മല്ല. ഇതോടെയാണ് ഒരു മൊബൈല്‍ എഡിറ്റിങ് യൂണിറ്റ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി വിദേശത്തു നിന്ന് അടക്കം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടി വന്നിട്ടുണ്ട്.
3d spot editing, dileep, dinkan

ഇന്ത്യയിലെ ആദ്യ സ്‌പോട്ട് 3D എഡിറ്റിങ് യൂണിറ്റിന്റെ വിശേഷങ്ങളിലേക്ക്

സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് എത്തിക്കാനുള്ള സൗകര്യത്തിലാണ് ഒരു ട്രാവലര്‍ വാനിനുള്ളില്‍ സ്യൂട്ട് ഒരുക്കിയത്. ഡ്രൈവര്‍ ക്യാബിന് പിന്നിലുള്ള സ്ഥലം മുഴുവന്‍ കറുത്ത കര്‍ട്ടനിട്ട് മറച്ച് ഇരുട്ട് മുറി ഒരുക്കുന്നതായിരുന്നു ആദ്യ ഘട്ടം. 3D ദൃശ്യങ്ങള്‍ 3D യില്‍ തന്നെ കാണാനും എഡിറ്റ് ചെയ്യാനും കഴിയുന്ന വലിയ സ്‌ക്രീനായിരുന്നു അടുത്ത വെല്ലുവിളി. ഹൈ റെസൊല്യൂഷന്‍ 3D സ്‌ക്രീന്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍, വിദേശത്ത് നിന്നാണ് എല്‍ജിയുടെ 52 ഇഞ്ച് സ്‌ക്രീന്‍ ഇറക്കുമതി ചെയ്തത്. ഇന്റെല്‍ സിയോണ്‍ 8 കോര്‍ പ്രോസറാണ് എഡിറ്റിങ് യൂണിറ്റിന്റെ ഹൃദയം. 2K യില്‍ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ഇടതുവലതു കണ്ണുകള്‍ക്ക് പ്രത്യേകമായി എത്തുമ്പോള്‍ ഇത് 8K ആയി ഉയരും. ഇത്രയും റെസല്യൂഷനുള്ള ദൃശ്യങ്ങള്‍ പ്രോസസ് ചെയ്യാന്‍ 128 ജിബി റാം, 12 ജിബി ഗ്രാഫിക്‌സ് കാര്‍ഡ്, 10 ജിബി ബാക്ക് അപ്പ് ഡേറ്റ എന്നിങ്ങനെ നീളുന്നു എഡിറ്റിങ് സ്യൂട്ടിന്റെ സവിശേഷതള്‍.

സാധാരണ 3D എഡിറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകാറുള്ള ഡെപ്ത് ജെംമ്പ് അടക്കമുള്ള പ്രശന്ങ്ങള്‍ ഈ സംവിധാനങ്ങള്‍ പര്യാപതമാണെന്നാണ് എഡിറ്റര്‍ രാജേഷ് മംഗലയ്ക്കലിന്റെ ഭാഗം. 18 ലക്ഷത്തിലധികം രൂപയാണ് എഡിറ്റിങ് യൂണിറ്റിന്റെ മാത്രം ചിലവ്. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ വേറെ ലഭ്യമുള്ളതായി അറിവില്ലെന്നും രാജേഷ് പറയുന്നു.

ഇത്രയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രയോഗിക്കുമ്പോള്‍ യൂണിറ്റിലെ താപനില ഉയരാതെ നോക്കേണ്ടതും അനിവാര്യമാണ്. ഇതിനായി പൂർണമായും ശീതീകരിച്ച വാഹനത്തിനുള്ളില്‍ തന്നെ പ്രത്യേക യുപിഎസ്, ജനറേറ്റര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഷൂട്ടിങ് പൂര്‍ത്തിയായാല്‍ അടുത്ത ലൊക്കേഷനിലേക്ക് നീങ്ങാന്‍ തയാറെടുക്കകയാണ് ഈ ഡിങ്കന്‍ വണ്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook