67മത് ബെര്‍ലിന്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളക്ക് തുടക്കമായി. ഫെബ്രുവരി 9 മുതല്‍ 18 വരെയാണ് ബെര്‍ലിനെല്‍ എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന മേള.
രാഷ്ട്രീയ നിലപാടുകള്‍ക്ക് പേര് കേട്ട ഈ ചലച്ചിത്ര മേളയില്‍ 153 രാജ്യങ്ങളില്‍ നിന്നുള്ള നാനൂറോളം സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടും. ഇക്കൊല്ലത്തെ പ്രോഗ്രാം ട്രംപിനുള്ള തങ്ങളുടെ ഉത്തരമാണെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ദയറ്റര്‍ കോസ്ലിക്ക് അറിയിച്ചു. സഹിഷ്ണുതയും ഐക്യദാര്‍ഢൃവുമാണ് മുഖ്യ പ്രമേയങ്ങള്‍.
ഉത്ഘാടന ചിത്രം ഫ്രഞ്ച് സംവിധായകന്‍ എതിയെന്‍ കോമാറിന്‍റെ ജാന്‍ഗോ. നാസി അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് പാരിസ് വിട്ടു പോകേണ്ടി വന്ന ജൂതനായ ജിപ്സി ഗിറ്റാറിസ്റ്റ് ജന്ഗോ റൈന്ഹാര്‍ഡിന്റെ അനുഭവങ്ങളാണ് ചിത്രം.
സെബാസ്റ്റ്യന്‍ ലെലിയോ (ചിലി), അക്കി കൌറിസ്മാക്കി (ഫിന്‍ലാന്‍ഡ്), അഗ്നിഷ്ക ഹോളണ്ട് (പോളണ്ട്) എന്നിവരുടെ ചിത്രങ്ങളുള്‍പ്പെടെ 18 ചിത്രങ്ങളാനുള്ളത് മത്സര വിഭാഗത്തില്‍.
ഡാനി ബോയിലിന്‍റെ ടി 2 – ട്രെയിന്‍ സ്പോട്ടിംഗ്, ഗുരിന്ദര്‍ ചദ്ദയുടെ വൈസ്റോയ്സ് ഹൌസ്, റൌള്‍ പെക്കിന്‍റെ ഐ ആം നോട്ട് യുവര്‍ നീഗ്രോ, സ്റ്റാന്‍ലി ടൂസിയുടെ ഫൈനല്‍ പോര്‍ട്രൈറ്റ്, ജെയിംസ് മാന്‍ഗോള്‍ഡിന്‍റെ ലോഗന്‍, സാലി പോട്ടറിന്‍റെ ദി പാര്‍ട്ടി, വോള്‍കര്‍ ശ്ലോന്‍ഡോര്‍ഫിന്‍റെ റിട്ടേണ്‍ ടു മോന്‍തക് എന്നിവയും മേളയില്‍ സാന്നിധ്യമറിയിക്കും.

ഇന്ത്യയില്‍ നിന്നും അമര്‍ കൌശിക്കിന്‍റെ ആബ, ഹബം പബന്‍ കുമാറിന്‍റെ ലോക്തക് ലൈരംബീ, അമിത് മസ്രുര്‍കറിന്‍റെ ന്യൂട്ടണ്‍, ആശിഷ് അവികുന്തക്കിന്‍റെ ആപത്കലീന്‍ ത്രികാലിക എന്നീ ചിത്രങ്ങളാനുള്ളത്.
പുതിയ കാലത്തിന്‍റെ ശബ്ദങ്ങളെ വാര്‍ത്തെടുക്കുന്ന ബെര്‍ലിനെല്‍ ടാലെന്റ്സ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും അബ്രോ ബാനര്‍ജീ, ശുഭാശീഷ് ഭുട്ടിയാനി, അര്‍ച്ചന ഫാട്കെ, നതാഷ മെന്‍ഡോണ്‍ക, അര്‍ച്ചന നാഥന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.