ആരാധകർക്ക് എപ്പോഴും മുൻഗണന നൽകുന്ന നടനാണ് മോഹൻലാൽ. അതിന് ആരാധകർ സ്‌നേഹത്തോടെ അദ്ദേഹത്തിന് നൽകിയ പേരാണ് ലാലേട്ടൻ. ആരാധകർക്ക് മുന്നിലെത്തിയാൽ മോഹൻലാൽ പിന്നെ അവരുടെ ലാലേട്ടനായി മാറും.

ഓസ്ട്രേലിയൻ ഷോ കഴിഞ്ഞ് വീണ്ടും സിനിമകളുടെ തിരക്കിലേക്ക് കടക്കുകയാണ് മോഹൻലാൽ. കഴിഞ്ഞ ഏതാനും നാളുകളായി അദ്ദേഹം ഓസ്ട്രേലിയയിലായിരുന്നു. മോഹൻലാലിന്റെ നേതൃത്വത്തിൽ ആദ്യമായാണ് ഓസ്ട്രേലിയയിൽ ഒരു ഷോ നടന്നത്. മോഹൻലാലിനെ ആദ്യമായി നേരിൽ കാണാനായതിന്റെ സന്തോഷത്തിലാണ് പല ഓസ്ട്രലിയൻ മലയാളികളും.

ഓസ്ട്രേലിയയിൽനിന്നും മടങ്ങാനായി വിമാനത്താവളത്തിൽ എത്തിയ മോഹൻലാലിനെ കണ്ട ഒരു ആരാധിക സെൽഫിയ്‌ക്കായി ലാലേട്ടന്റെ അടുത്തെത്തി. എന്നാൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവർ അതിന് സമ്മതിച്ചില്ല. പക്ഷേ ആരാധിക വിട്ടുകൊടുക്കാൻ തയ്യാറായില്ല. അവർ രണ്ടാം തവണയും സെൽഫിയ്‌ക്കായി അടുത്തെത്തി. കുറച്ചു ദൂരെ മാറിനിന്ന് അവർ സെൽഫിയെടുക്കാൻ ശ്രമിച്ചു. ഇതുകണ്ട മോഹൻലാൽ അവരെ അടുത്തുനിന്നു സെൽഫിയെടുക്കാൻ ആവശ്യപ്പെട്ടു. ആരാധികയ്‌ക്കൊപ്പം പുഞ്ചിരിയോടെ സെൽഫിയ്‌ക്കായി മോഹൻലാൽ നിന്നു.

ഓസ്ട്രേലിയൻ സ്റ്റേജ് ഷോയെ ചൊല്ലി ചില വിവാദങ്ങളും ഉയർന്നിരുന്നു. മോഹൻലാൽ നടി പ്രയാഗയ്ക്കൊപ്പം ആലപിച്ച ഗാനം നേരത്തെ റെക്കോർഡ് ചെയ്‌തു വച്ച് ചുണ്ടനക്കുകയാണെന്നായിരുന്നു ആരോപണം. ഇതിന്റെ വീഡിയോ വൈറലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ