കേരളക്കരയ്ക്ക് മലയാളത്തിന്റെ സ്വന്തം വാനമ്പാടി, തമിഴർക്ക് ചിന്ന കുയിൽ എന്നീ വിശേഷണങ്ങളുള്ള താരമാണ് കെ എസ് ചിത്ര. ഈ രണ്ടു ഭാഷകളിൽ മാത്രമല്ല, ആന്ധ്രക്കാർക്ക് സംഗീത സരസ്വതി, കർണാടകക്കാർക്ക് കന്നഡ കോകില, മുംബൈക്കാർക്ക് പിയ ബസന്തി… പാടിയ ഭാഷകളിലെല്ലാം ആസ്വാദകരുടെ ഇഷ്ടം ഒരുപോലെ കവരാൻ കഴിഞ്ഞു എന്നതും ചിത്രയെ വ്യത്യസ്തയാക്കുന്നു. പ്രയങ്കരിയായ ഗായികയുടെ കൗമാര കാലഘട്ടത്തിലെ യുവജനോത്സവത്തിൽ നിന്നുള്ള ചിത്രമാണിത്. ചിത്രത്തിന്റെ ഇടത്തെയറ്റത്ത് നിൽക്കുന്നതാണ് ചിത്രം. നാൽപ്പതു വർഷങ്ങൾക്കു മുൻപുള്ള ഒരു യുവജനോത്സവ കാലത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രം.
പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങൾ, ആറ് ദേശീയ പുരസ്കാരങ്ങൾ, പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാർ പുരസ്കാരം, തമിഴ്നാട്, ആന്ധ്രാ സര്‍ക്കാരുകളുടെ പുരസ്കാരങ്ങൾ വേറെ… 243 ലേറെ അവാർഡുകൾ, വിവിധ ഇന്ത്യൻ ഭാഷകളിലായി 25,000ത്തിലേറെ ഗാനങ്ങൾ അങ്ങനെ ഒട്ടനവധി അംഗീകാരങ്ങൾ തേടിയെത്തിയ താരമാണ് ചിത്ര.
1979-ല്‍ സംഗീത സംവിധായകന് എം.ജി.രാധാകൃഷ്ണന് സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചിത്രയെത്തിയത്. എന്നാല്‍ ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനമായിരുന്നു ചിത്രയ്ക്ക് ശ്രദ്ധ നേടികൊടുത്തത്. 1983ല്‍ പുറത്തിറങ്ങിയ ‘മാമ്മാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങൾ എത്തി.
തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘നീ താനേ അന്നക്കുയില്‍’ എന്ന ചിത്രത്തില്‍ പാടാൻ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്തും ചിത്ര ചുവടുറപ്പിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി ചിത്ര 25,000ത്തിലേറെ ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്.
1983ല്‍ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിലൂടെയാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്കാരം ലഭിക്കുന്നത്. കെ.ബാലചന്ദ്രർ സംവിധാനം ചെയ്ത ചിത്രം മൂന്നു ദേശീയ പുരസ്കാരമാണ് നേടിയത്. മികച്ച നടിക്കുളള അവാർഡ് സുഹാസിനിയും മികച്ച സംഗീത സംവിധായകനുളള അവാർഡ് ഇളയരാജയും മികച്ച ഗായികയ്ക്കുളള അവാർഡ് ചിത്രയും നേടി.’നഖക്ഷതങ്ങൾ’, ‘വൈശാലി’,’മിൻസാരക്കനവ്’,’വിരാസത്ത്’,’ഓട്ടോഗ്രാഫ്’ എന്നീ ചിത്രങ്ങളിലൂടെയും ചിത്ര ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി.