ലോകത്തിന്റെ എല്ലാ കോണുകളിലും വലിയ പ്രേക്ഷക പിന്തുണയുള്ള ടിവി റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മലയാളത്തിലും പ്രമുഖ നടൻ മോഹൽലാൽ അവതരിപ്പിക്കുന്ന ബിഗ്ബോസ് വിജയകരമായി മുന്നേറുകയാണ്. ഇതിനിടയിലാണ് ബിഗ് ബോസിൽ മത്സരിക്കാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തുമെത്തുന്നതായി വാർത്തകൾ പുറത്തുവരുന്നത്. ബിഗ്ബോസിന്റെ ഹിന്ദി പതിപ്പിലാകും താരം മത്സരാർത്ഥിയായി എത്തുക.

ബോളിവുഡിന്റെ ബായ് ജാൻ സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം പതിപ്പിൽ ശ്രീശാന്തുമുണ്ടന്നാണ് വാർത്തകൾ. മത്സരം ആരംഭിക്കാൻ പത്ത് ദിവസം മാത്രം അവശേഷിക്കെ മത്സരാർത്ഥികളുമായി ചാനൽ കരാറിലെത്തിയെന്നാണ് സൂചന. എന്നാൽ പരിപാടി ആരംഭിച്ചതിന് ശേഷമെ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് വ്യക്തമാകു. നിലവിൽ താരദന്പതികളായ ഭാരതി സിങിന്റെയും ഹാർഷ് ലിമ്പാച്ചിയായുടെയും പേര് മാത്രമേ പുറത്ത് വന്നിട്ടുള്ളു.

ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിരസാനിധ്യമായിരുന്ന ശ്രീശാന്ത് 2013 ലാണ് ഐ.പി.എൽ വാതുവെപ്പ് കേസിൽ കുടുങ്ങി മൈതാനം വിടുന്നത്. താരത്തിന് ആജീവനാന്ത വിലക്കാണ് ക്രിക്കറ്റ് ബോർഡ് വിധിച്ചിരിക്കുന്നത്. കോടതി വെറുതെ വിട്ടെങ്കിലും തങ്ങളുടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ ബി.സി.സി.ഐ തയ്യറല്ലായിരുന്നു. ഇതേ തുടർന്ന് താരത്തിന്റെ ഭാവി തന്നെ അവതാളത്തിലായി.

മൈതാനത്ത് നിന്ന് മാറ്റിനിർത്തപ്പെട്ടെങ്കിലും സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സ്ഥിര സാനിധ്യമായിരുന്നു ശ്രീശാന്ത്. അക്സർ 2, ടീം 5 മുതലായ സിനിമകളിൽ സിനിമകളിൽ അഭിനയിച്ച ശ്രീ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബി.ജെ.പി ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ച ശ്രീശാന്ത് പക്ഷേ പരാജയപ്പെടുകയായിരുന്നു.ബിഗ് ബോസ് ശ്രീശാന്തിന്റെ ആദ്യ റിയാലിറ്റി ഷോയല്ല, നേരത്തെ ഖത്രോൻ കെ കില്ലാടി, ജാലക് ഡിഖലാ ജാ എന്നീ ഹിന്ദി റിയാലിറ്റി ഷോകളിലും ശ്രീ മത്സരിച്ചിട്ടുണ്ട്. എന്തായാലും ശ്രീശാന്തിന്റെ പുത്തൻ അവതാരത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook