അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകന്‍ മൃണാള്‍ സെന്നിനെ ഓര്‍ത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍. മൃണാള്‍ ദായുടെ വിയോഗത്തോടെ റേ-ഘട്ടക്-സെന്‍ ശക്തിത്രയത്തിലെ ഒടുവിലത്തെ കണ്ണിയും നഷ്ടമായിരിക്കുന്നു എന്ന് അടൂര്‍ പറഞ്ഞു.
“ഇന്ത്യ കണ്ട മഹാന്മാരായ ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് മൃണാള്‍ സെന്‍. അദ്ദേഹത്തിന്റെ വിയോഗത്തോടെ നമുക്ക് റേ-ഘട്ടക്-സെന്‍ എന്ന ശക്തി ത്രയത്തിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയും നഷ്ടമായിരിക്കുന്നു. മികച്ച ചലച്ചിത്രകാരനും മാനവികതാവാദിയുമായിരുന്നു മൃണാള്‍ സെന്‍. സിനിമ എന്ന മാധ്യമത്തില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഒരിക്കലും മടിച്ചിരുന്നില്ല അദ്ദേഹം. സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അംഗീകാരങ്ങള്‍ ലഭിച്ച സത്യജിത് റേ പോലെയായിരുന്നില്ല അദ്ദേഹത്തിന്റെ കാര്യം. ഒറ്റപ്പെട്ട, ഏറെ നാളുകള്‍ നീണ്ട വലിയ പോരാട്ടത്തിനോടുവിലാണ് മൃണാള്‍ സെന്നിനു അത് ലഭിക്കുന്നത്. എങ്കിലും അദ്ദേഹം ഒരിക്കലും പിന്‍വാങ്ങിയില്ല. അടിച്ചമര്‍ത്തപ്പെട്ടവരും അശരണരുമായവരുടെ കഥകളാണ് എന്നും അദ്ദേഹത്തെ പ്രചോദിപ്പിച്ചിരുന്നത്. വേരറ്റവരുടെയും ഒന്നുമില്ലാത്തവരുടെയും സങ്കടങ്ങള്‍ പേറുന്നവയായിരുന്നു സെന്‍ ചിത്രങ്ങള്‍.
Read More: മൃണാള്‍ സെന്‍ അന്തരിച്ചു
എനിക്കെന്നും അദ്ദേഹം ഒരു മൂത്ത സഹോദരനും വഴികാട്ടിയുമായിരുന്നു. എന്റെ ചിത്രങ്ങളില്‍ അതീവ തത്പരനായിരുന്നു അദ്ദേഹം. ഓരോ സിനിമ എടുക്കുമ്പോഴും അത് അദ്ദേഹത്തെ കാണിച്ച് പ്രതികരണങ്ങള്‍ എടുക്കുന്നതില്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. സിനിമയെക്കുറിച്ചുള്ള തന്റെ കമന്റുകള്‍ നിര്‍ലോഭം പറഞ്ഞ്, എന്റെ പോരാട്ടങ്ങളെ മുന്നോട്ട് നയിക്കാനുള്ള ഊര്‍ജ്ജം തരുമായിരുന്നു അദ്ദേഹം.
സിനിമ എന്നത് മൃണാള്‍ സെന്നിന്റെ അഭിനിവേശമായിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിനിമാ വിദ്യാര്‍ഥികളോട് തന്നെക്കുറിച്ച് മൃണാള്‍ ദാ തന്നെ പറഞ്ഞത് ഇവിടെ വീണ്ടും പറയുന്നു – സിനിമ സ്വപ്നം കണ്ട്, ശ്വസിച്ച്, ജീവിച്ചു തീര്‍ത്തയാള്‍.”