scorecardresearch

മമ്മൂട്ടിയുടെ നായികയായി തുടക്കം; ഈ നടിയെ മനസ്സിലായോ?

ഈ നായികയുടെ ചില ചിത്രങ്ങൾ ഏറെ വിവാദമായിരുന്നു

മമ്മൂട്ടിയുടെ നായികയായി തുടക്കം; ഈ നടിയെ മനസ്സിലായോ?

ഈ ത്രോബാക്ക് ചിത്രത്തിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ഇരിക്കുന്ന പെൺകുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളികളുടെ പ്രിയതാരമാണ് ഈ പെൺകുട്ടി. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തമായൊരിടം കണ്ടെത്തിയ ശ്വേത മേനോൻ.

മോഡലിംഗ് രംഗത്തു നിന്നുമാണ് ശ്വേതയുടെ വരവ്. മമ്മൂട്ടിയുടെ നായികയായി അനശ്വരം (1991) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേത അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള അനശ്വരം ലൊക്കേഷൻ ചിത്രവും ശ്വേത ഷെയർ ചെയ്തിരുന്നു.

“ഈ ചിത്രത്തിൽ എല്ലാവരും എന്റെ മാറ്റമേ ശ്രദ്ധിക്കൂ. മമ്മൂക്ക അതുപോലെ തന്നെയിരിക്കുന്നു- മധുര പതിനേഴ്. മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ, അതേ ചിരി. അനശ്വരം,” ശ്വേത കുറിച്ചു.

വെൽക്കം റ്റു കൊടൈക്കനാൽ, നക്ഷത്രക്കൂടാരം, കൗശലം എന്നീ മലയാളസിനിമകളിൽ​ അഭിനയിച്ച ശ്വേത പിന്നീട് തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ബോളിവുഡിലേക്കാണ് ശ്വേത പോയത്. ‘ഇഷ്ക്’ ആയിരുന്നു ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം. നാൽപ്പതിനടുത്ത് ഹിന്ദി ചിത്രങ്ങളിലാണ് ശ്വേത ഇതിനകം അഭിനയിച്ചത്. തമിഴ്, കന്നഡ ചിത്രങ്ങളിലും ശ്വേത തന്റെ സാന്നിധ്യം അറിയിച്ചു. 1994ൽ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും ശ്വേത കരസ്ഥമാക്കിയിരുന്നു.

2006ൽ ‘കീർത്തിചക്ര’ എന്ന ചിത്രത്തോടെയാണ് ശ്വേത വീണ്ടും മലയാളസിനിമയിൽ സജീവമാകുന്നത്. പകൽ, തന്ത്ര, രാക്കിളിപ്പാട്ട്, പരദേശി, റോക്ക് ആൻഡ് റോൾ, ലാപ്ടോപ്പ്, മധ്യ വേനൽ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ, കേരള കഫേ, പോക്കിരിരാജ, സിറ്റി ഓഫ് ഗോഡ്, രതിനിർവേദം, സാൾട്ട് ആൻഡ് പെപ്പർ, ഉന്നം, തൽസമയം ഒരു പെൺകുട്ടി, ഒഴിമുറി, ഇവൻ മേഘരൂപൻ, മുംബൈ പൊലീസ്, കളിമണ്ണ്, ചേട്ടായീസ്, കമ്മാരസംഭവം എന്നിങ്ങനെ രണ്ടാം വരവിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാവാൻ ശ്വേതയ്ക്ക് സാധിച്ചു. പാലേരിമാണിക്യം, സാൾട്ട് ആൻഡ് പെപ്പർ എന്നീ ചിത്രങ്ങളിലൂടെ 2009 ലും 2011 ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ശ്വേത നേടി.

സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ സജീവമാകുന്ന ശ്വേതയെ ആണ് മലയാളികൾ പിന്നെ കണ്ടത്. നിരവധി ടിവി ഷോകളുടെ അവതാരകയായി ശ്വേത തിളങ്ങി. നടൻ ബോബി ഭോൻസലെയിൽ നിന്നും വിവാഹമോചനം നേടിയ ശ്വേത 2011 ജൂൺ 18ലാണ് തൃശൂർ സ്വദേശിയും മുംബൈയിൽ ബിസിനസുകാരനുമായ ശ്രീവത്സൻ മേനോനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് സബൈന എന്നൊരു മകളാണുള്ളത്.

Shwetha Menon, Shwetha Menon husband
ഭർത്താവിനൊപ്പം ശ്വേത മേനോൻ

ഏറെ ബോൾഡ് ആയ ശ്വേതയുടെ ചില ചിത്രങ്ങൾ വിവാദങ്ങൾക്കും കാരണമായിരുന്നു. കാമസൂത്രയുടെ ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ ശ്വേത അഭിനയിച്ചത് വിവാദമായി. അതുപോലെ തന്നെ ബ്ലെസി ചിത്രം ‘കളിമണ്ണ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളും. ഒരു ഗർഭിണിയുടെ കഥ പറയുന്ന ചിത്രത്തിൽ ശ്വേതയുടെ ഗർഭകാലവും പ്രസവവും എല്ലാം അതുപോലെ തന്നെ ചിത്രീകരിച്ചതും ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Indian actress with her parents throwback photos

Best of Express