പതിനൊന്നു ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ഉപയോഗിച്ച് തിരിച്ചു നല്‍കിയില്ലെന്നാരോപിച്ച് നടി ഹീന ഖാനെതിരെ ജുവലറി ഉടമ വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍ തനിക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും തന്നെ വെറുക്കുന്നവര്‍ ഒരുക്കുന്ന കുതന്ത്രങ്ങളാണ് ഇതെന്നും ഹീന ഖാന്‍ പ്രതികരിച്ചു.

ജുവലറിക്കു വേണ്ടി ആര്‍കെ അസോസിയേറ്റ്‌സിന്റെ സ്ഥാപകന്‍ രാകേഷ് കെ.സിങ്ങാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജുവലറിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഒരു അവാര്‍ഡ് ദാന ചടങ്ങിന് അണിയാന്‍ വേണ്ടിയാണ് ഹീന ഖാന്‍ ആഭരണങ്ങള്‍ വാങ്ങിയതെന്നും എന്നാല്‍ തിരിച്ചു നല്‍കിയപ്പോള്‍ വാങ്ങിയ ആഭരണങ്ങള്‍ മുഴുവന്‍ തിരിച്ചു നല്‍കിയില്ലെന്നും ഇവര്‍ പറയുന്നു.

ഈ വാര്‍ത്ത പുറത്തുവന്നതിനു പുറമേ ഹീന തന്റെ ട്വിറ്റര്‍ വഴി പ്രതികരിക്കുകയായിരുന്നു. എല്ലാ മാധ്യമങ്ങള്‍ക്കും എത്തിയിട്ടും വക്കീല്‍ നോട്ടീസ് ഇതുവരെ തനിക്കുമാത്രം എത്തിയില്ലെന്നും, തന്നെ വെറുക്കുന്നവര്‍ ക്ഷമിക്കണം ഈ കുതന്ത്രങ്ങള്‍ ഇവിടെ വിലപ്പോകില്ല പുതിയതെന്തെങ്കിലും ശ്രമിക്കൂവെന്നും ഹീന ട്വീറ്റ് ചെയ്തു.

റജിസ്റ്റേര്‍ഡ് പോസ്റ്റായി തന്റെ ഓഫീസില്‍ നിന്നും ഹീന ഖാന് നോട്ടീസ് അയച്ചതായി സിങ് പ്രതികരിക്കുന്നു.

‘ജൂലൈ 17നാണ് നോട്ടീസ് അയച്ചത്. 2018 ഏപ്രില്‍ 17നാണ് ഹീന ഖാന്‍ ജുവലറിയില്‍ നിന്നും ആഭരണങ്ങള്‍ കൈപ്പറ്റിയത്. ആറെണ്ണത്തില്‍ രണ്ടെണ്ണം മാത്രമേ തിരിച്ചു നല്‍കിയിട്ടുള്ളൂ. എപ്പോള്‍ എവിടെ അഭിനയം അവസാനിപ്പിക്കണമെന്ന് അവര്‍ അറിയണം,’ സിങ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook