ബോളിവുഡിലെ ഏറ്റവും പ്രധാനപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് ബച്ചൻ ഫാമിലി. മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഭാര്യയും നടിയും രാജ്യസഭാംഗവുമായ ജയ ബച്ചൻ, മകനും നടനുമായ അഭിഷേക് ബച്ചൻ, മരുമകൾ ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് എന്നിങ്ങനെ ദശലക്ഷകണക്കിന് ആരാധകരുള്ള നാലു താരങ്ങൾ ഒന്നിച്ച് ഒരൊറ്റ കുടക്കീഴിൽ കഴിയുന്നു എന്ന പ്രത്യേകതയും മുംബൈ ജുഹുവിലെ ജൽസ എന്ന വീടിനു സ്വന്തം.
അഭിഷേക് ബച്ചന്റെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മാറ്റമില്ലാത്ത ആ ചിരി കണ്ടാൽ ഒറ്റനോട്ടത്തിൽ തന്നെ ആളെ പിടികിട്ടും.

2000ൽ ജെ.പി. ദത്ത നിർമ്മിച്ച റെഫ്യൂജി എന്ന ചിത്രത്തിലൂടെയായിരുന്നു അഭിഷേകിന്റെ സിനിമ അരങ്ങേറ്റം. മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡും ഈ ചിത്രത്തിലൂടെ ലഭിച്ചു. എന്നാൽ പിന്നീട് തുടരെ വന്ന ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. 2004 ൽ ഇറങ്ങിയ ധൂം എന്ന ചിത്രമാണ് പിന്നീട് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്ന്.
യുവ, ഫിർ മിലേഗാ, ബണ്ടി ഔർ ബബ്ലി, സർക്കാർ, സലാം നമസ്തെ, കഭി അൽവിദാ ന കെഹ്ന, ധൂം 2, ഉമ്രാവൂ ജാൻ, ഗുരു, രാവൺ തുടങ്ങി അമ്പതിലേറെ ചിത്രങ്ങളിൽ അഭിഷേക് ഇതിനകം അഭിനയിച്ചു കഴിഞ്ഞു. നടൻ എന്നതിനപ്പുറം നിർമ്മാതാവ്, സ്പോർട്സ് ഫ്രാഞ്ചൈസികളുടെ ഉടമ എന്നീ നിലകളിലും അഭിഷേക് സജീവമാണ്.
ബോളിവുഡിന്റെ പവർ കപ്പിളാണ് ഐശ്വര്യ റായി ബച്ചനും അഭിഷേക് ബച്ചനും. 2007ലാണ് ഇരുവരും വിവാഹിതരാവുന്നത്. അഭിഷേക്- ഐശ്വര്യ ദമ്പതികൾക്ക് ഒരു മകളാണ് ഉള്ളത്, ആരാധ്യ.