സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ആരാധകർക്ക് ഏറെയിഷ്ടമാണ്. ചിലരെ കുട്ടിക്കാലചിത്രങ്ങളിൽ നിന്നും ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയും. എന്നാൽ മറ്റു ചിലരെയാവട്ടെ ഒറ്റനോട്ടത്തിൽ തിരിച്ചറിയുക അസാധ്യമാണ്.
ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനതാരമായ ബോളിവുഡ് താരത്തിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട തന്റെ അഭിനയസപര്യ കൊണ്ട്, ഇന്ത്യൻ സിനിമാലോകത്ത് തന്റേതായൊരു ഇടം കണ്ടെത്തിയ ആമിർഖാൻ ആണ് ചിത്രത്തിലുള്ള കുട്ടി.

ബാലതാരമായി അഭിനയരംഗത്തെത്തിയ ആമിർ ‘ഖയാമത് സെ ഖയാമത് ടക്’ (1988) എന്ന ചിത്രത്തിലാണ് ആദ്യം നായകനായത്. രാജ ഹിന്ദുസ്ഥാനി, ദിൽ ചാഹ്താ ഹെ, രംഗ് ദേ ബസന്തി, ഫനാ, ധൂം 3, ലഗാൻ, ദംഗൽ, ഗജിനി, താരെ സമീൻ പർ, ത്രി ഇഡിയറ്റ്സ്, പികെ, തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ തുടങ്ങി നിരവധിയേറെ ഹിറ്റ് ചിത്രങ്ങളിൽ ആമിർ തിളങ്ങി. 4 ദേശീയ അവാർഡുകൾ, 9 ഫിലിംഫയർ അവാർഡുകൾ, ഒപ്പം പത്മശ്രീ, പത്മഭൂഷൻ ബഹുമതികളും ആമിറിനെ തേടിയെത്തി.
നടൻ, സംവിധായകൻ എന്നതിനു പുറമേ നിർമ്മാതാവ് കൂടിയാണ് ആമിർ. ലഗാൻ, താരേ സെമീൻ പർ, ജാനേ തു യഹാ ജാനേ ന, പീപ്‌ലി ലവ്, ധോഭി ഘട്ട്, ഡൽഹി ബെല്ലി, തലാഷ്, ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾ നിർമ്മാണം ചെയ്തിട്ടുണ്ട്.
ഗുലാം, മേള, മംഗൾ പാണ്ട, ഫന, താരെ സമീൻ പർ തുടങ്ങിയ ചിത്രങ്ങളിൽ പിന്നണി ഗായകനായും ആമിർ കഴിവു തെളിയിച്ചു.
സാമൂഹിക പ്രശ്നങ്ങളിലെല്ലാം ശക്തമായ അഭിപ്രായം രേഖപ്പെടുത്തുകയും ജലസംരക്ഷണം പോലുള്ള വിഷയങ്ങളിൽ ഗൗരവത്തോടെ ഇടപെടുകയും ചെയ്യുന്ന താരമാണ് ആമിർ ഖാൻ. പാനി ഫൗണ്ടേഷൻ എന്ന തന്റെ സംഘടനയിലൂടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി മഹാരാഷ്ട്ര നേരിടുന്ന ജലദൗർലഭ്യത്തിനെതിരെ പ്രവർത്തിക്കുകയാണ് താരം.
‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ ചിത്രത്തിനുശേഷം ആമിർ ഖാൻ നായകനാവുന്ന ‘ലാൽ സിങ് ഛദ്ദ’ റിലീസിനൊരുങ്ങുകയാണ്. അമേരിക്കൻ ചിത്രമായ ‘ഫോറസ്റ്റ് ഗമ്പി’ന്റെ റീമേക്ക് ആണ് ‘ലാൽ സിങ് ഛദ്ദ’. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം18 മോഷൻ പിക്‌ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 20 കിലോയാണ് ചിത്രത്തിനായി ആമിർഖാൻ കുറക്കുന്നത്. വെള്ളിത്തിരയിൽ ആമിർഖാൻ ആദ്യമായി ടർപ്പൻ ധരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ആറ് ഓസ്‌കാര്‍ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന അമേരിക്കൻ ക്ലാസിക് ചിത്രത്തിന് 25 വർഷങ്ങൾക്കു ശേഷമാണ് ഹിന്ദിയിൽ റിമേക്ക് ഒരുങ്ങുന്നത്. ടോം ഹാങ്ക്സ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആമിർ ഖാൻ ആണ്. ‘സീക്രട്ട് സൂപ്പർസ്റ്റാർ’ ഫെയിം അദ്വൈത് ചന്ദന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ‘സീക്രട്ട് സൂപ്പർസ്റ്റാർ’ നിർമ്മിച്ചതും ആമിർഖാന്റെ നിർമ്മാണകമ്പനിയായിരുന്നു. സംവിധായകനാവും മുൻപ് ആമിർഖാന്റെ മാനേജറായി പ്രവർത്തിക്കുകയായിരുന്നു അദ്വൈത് ചന്ദൻ.
എൺപതുകളിൽ പുറത്തിറങ്ങിയ വിൻസ്റ്റൺ ഗ്രൂമിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി റോബർട്ട് സ്സെമെക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തത്. റോബിൻ റൈറ്റ്, ഗ്യാരി സിനിസെ, മൈക്കെൽറ്റി വില്ല്യംസൺ, സാലി ഫീൽഡ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വൽ എഫക്റ്റ്സ്, മികച്ച ഫിലിം എഡിറ്റിംഗ് എന്നിങ്ങനെ ആറു കാറ്റഗറികളിലാണ് ‘ഫോറസ്റ്റ് ഗമ്പ്’ ഓസ്കാർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയത്.