ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ചിത്രം ‘ഇന്ത്യന്‍ 2’ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനായി വലിയ സെറ്റാണ് ഫിലിംസിറ്റിയില്‍ ഒരുങ്ങുന്നത്. കമല്‍ഹാസന്‍-ശങ്കര്‍ കൂട്ടുകെട്ട് സിനിമാ പ്രേമികള്‍ക്കു നല്‍കിയ ഏറ്റവും മികച്ച സമ്മാനമായിരുന്നു ഈ ചിത്രം.

1996ലാണ് കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായെത്തിയ ഇന്ത്യന്‍ പുറത്തിറങ്ങുന്നത്. കമലിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

യെന്തിരന്റെ രണ്ടാം ഭാഗമായ 2.0യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് നിലവില്‍ സംവിധായകന്‍ ശങ്കര്‍. ബിഗ് ബോസ് തമിഴ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെ ആയിരുന്നു ഇന്ത്യന്‍ 2 വരുന്നുവെന്ന് ശങ്കര്‍ പ്രഖ്യാപിച്ചത്.

കമലിന്റെ വിശ്വരൂപവും രണ്ടാംഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. കമൽഹാസൻ കഥയെഴുതി സംവിധാനം ചെയ്യുന്നെന്ന പ്രത്യേകതയും വിശ്വരൂപം 2വിനുണ്ട്. പൂജ കുമാർ, ആൻഡ്രിയ ജെറിമിയ, രാഹുൽ ബോസ്, ശേഖർ കപൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 2013ലാണ് വിശ്വരൂപത്തിന്റെ ആദ്യ ഭാഗം തിയേറ്ററിലെത്തിയത്.

ചിത്രത്തിന് സംഗീതം നൽകുന്നത് ജിബ്രാനാണ്. ഹിന്ദി, തമിഴ് ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച ചിത്രമാണ് വിശ്വരൂപം 2. തെലുങ്കിൽ ഡബ്ബ് ചെയ്‌തും ചിത്രം പ്രദർശനത്തിനെത്തും. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ