/indian-express-malayalam/media/media_files/uploads/2020/02/indian-2-accident.jpg)
ഇന്ത്യൻ 2 സിനിമയുടെ സെറ്റിൽ ഉണ്ടായ അപകടം ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഫെബ്രുവരി 19 ന് രാത്രി ലൊക്കേഷനിൽ ഉണ്ടായ അപകടത്തിൽ മൂന്നു പേർ മരിക്കുകയും പന്ത്രണ്ടോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സുരക്ഷ മുൻകരുതലുകൾ എടുക്കാതെ ചിത്രീകരണം നടത്തിയതിന് പൊലീസ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷന് എതിരെ കേസ് എടുത്തിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി കമൽ ഹാസനെയും സംവിധായകൻ ശങ്കറിനെയും തമിഴ്നാട് പൊലീസ് വിളിപ്പിച്ചിരിക്കുകയാണ്.
ഭാരമേറിയ ക്യാമറ ഉപകരണങ്ങൾ വഹിച്ചിരുന്ന ക്രെയ്ൻ സാങ്കേതിക വിദഗ്ധരുടെ മേൽ പതിക്കുകയും ശ്രീകൃഷ്ണ, മധു, ചന്ദ്രൻ എന്നിവർ കൊല്ലപ്പെടുകയും പന്ത്രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അഭിനേതാക്കളായ കമൽഹാസൻ, കാജൽ അഗർവാൾ എന്നിവർ തലനാരിഴയ്ക്ക് ആണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ തന്റെ ടീമിന് താരം നിർദേശം നൽകുകയും ചെയ്തിരുന്നു.
"ഈ സംഭവം സിനിമാരംഗത്തെ ആളുകളുടെ സുരക്ഷയുടെ കാര്യത്തിൽ ഇപ്പോഴും ചോദ്യമുയർത്തുകയാണ്. ഒരു വ്യവസായം എന്ന നിലയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് ഞാനെന്റെ സുഹൃത്തുക്കളോട് സംസാരിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപ ബഡ്ജറ്റിലാണ് ഈ സിനിമ നിർമ്മിച്ചതെന്ന് നമ്മൾ അഭിമാനത്തോടെ പറയുമായിരിക്കും എന്നാൽ സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ല എന്നതിൽ വ്യക്തിപരമായി ഞാൻ ലജ്ജിക്കുന്നു," മാധ്യമങ്ങളോട് സംസാരിക്കവെ കമൽ ഹാസൻ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് കമൽ ഹാസൻ ഒരു കോടി രൂപ വീതം നൽകുകയും ചെയ്തു. "മരണപ്പെട്ടവരുടെ കുടുംബത്തിന് ഞാൻ ഒരു കോടി രൂപ വെച്ചു നൽകുകയാണ്, നഷ്ടപ്പെട്ട ജീവനുകൾക്കുള്ള നഷ്ടപരിഹാരമല്ല ഇത്. അവരിൽ പലരും വളരെ ദരിദ്രരാണ്. മൂന്ന് വർഷം മുമ്പ് ഞാനുമൊരു അപകടത്തിൽ പെട്ടിരുന്നു, അതുപോലുള്ള അപകടങ്ങളിൽ നിന്ന് കരകയറുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. മൂന്നിൽ ഒരാൾക്ക് മാത്രമേ അത് താങ്ങാനാകൂ, ” കമൽഹാസൻ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. മരണപ്പെട്ടവർക്ക് അന്ത്യോപചാരം അർപ്പിക്കാനായി കമൽഹാസനും ശങ്കറും ആശുപത്രിയിൽ എത്തുകയും ചെയ്തിരുന്നു.
Read more: ഒരു നിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു: അപകടത്തെക്കുറിച്ച് കാജല്‍ അഗര്‍വാള്‍
കമൽഹാസനു പിന്നാലെ, മരിച്ചവർക്കും അപകടത്തിൽ പരിക്കേറ്റവർക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് ലൈക്ക പ്രൊഡക്ഷൻസ് തലവനായ സുഭാസ്കരൻ. രണ്ടു കോടി രൂപയാണ് ലൈക്ക നഷ്ടപരിഹാരമായി നൽകുന്നത്. പരുക്കേറ്റവർക്ക് വേണ്ട വൈദ്യസഹായവും ചികിത്സാചെലവുകളും ലൈക്ക പ്രൊഡക്ഷൻ ഏറ്റെടുക്കുന്നതായും സുഭാസ്കരൻ പറഞ്ഞു. ലൊക്കേഷനുകളിലും മറ്റും ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾ ലൈക്ക പ്രൊഡക്ഷൻ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us