scorecardresearch
Latest News

കമല്‍ഹാസനും നിര്‍മ്മാതാക്കളും തമ്മിലുള്ള വാക്പോരില്‍ കുടുങ്ങി ‘ഇന്ത്യന്‍ 2’

സജീവ രാഷ്ടീയത്തിലേക്ക് ചുവടു വച്ചിരിക്കുന്ന കമല്‍ഹാസന്‍റെ വ്യവസ്ഥിതിവിരുദ്ധ നിലപാടുകളുടെ പ്രതിഫലനമായേക്കാവുന്ന, ഒരുപക്ഷേ അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിന് തന്നെ തിരശീലയിടാന്‍ സാധ്യതയുള്ള ഒരു ചിത്രത്തിന്‍റെ ഭാവിയാണ് അപ്രതീക്ഷിതമായ ഒരു അപകടം ഉലച്ചു കളഞ്ഞത്

indian 2, kamal haasan, indian 2, indian 2 accident, lyca productions, indian 2 producers, indian 2 accident, kamal haasan open letter, indian 2 deaths, indian 2 Explained, Indian express malayalam, IE malayalam

ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ തമിഴ് ചലച്ചിത്രം ‘ഇന്ത്യൻ 2’വിന്റെ ലൊക്കേഷനിലുണ്ടായ ക്രെയിൻ അപകടത്തെ ഞെട്ടലോടെയാണ് ലോകം കേട്ടത്. രണ്ട് പേരുടെ ദാരുണമായ മരണത്തിനു ഇടയാക്കിയ അപകടത്തിന്റെ നടുക്കത്തിൽ നിന്നും പൂർണമായി വിമുക്തരായിട്ടില്ല ചിത്രത്തിന്റെ അണിയറപ്രവർത്തകരും സിനിമാ ലോകവും. അതിനിടയിൽ കമൽഹാസനും നിർമാതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും മറ്റുമായി ചിത്രീകരണം നിന്ന അവസ്ഥയിലാണ്. എന്താണ് ‘ഇന്ത്യൻ 2’വിന്റെ ലൊക്കേഷനിൽ സംഭവിക്കുന്നത്?

‘ഇന്ത്യൻ 2’വിനെ പ്രസക്തമാക്കുന്നതെന്ത് ?

അഴിമതിക്കെതിരെ പോരാടുന്ന താത്ത (അപ്പൂപ്പന്‍ എന്നര്‍ത്ഥം) എന്ന കഥാപാത്രമായി കമൽഹാസൻ വിസ്മയിപ്പിച്ച ചിത്രമായിരുന്നു 1996ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’. ചിത്രത്തിൽ ഇരട്ടവേഷത്തിൽ ആയിരുന്നു താരം എത്തിയത്. സേനാപതി എന്ന കമൽഹാസന്റെ വൃദ്ധ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ‘ഇന്ത്യനി’ലെ​ അഭിനയത്തിന് കമൽഹാസന് ദേശീയ പുരസ്കാരവും ലഭിച്ചു. തമിഴ് സിനിമ ചരിത്രത്തിലും ഏറെ പ്രത്യേകതകൾ ഉള്ളൊരു ചിത്രമാണ് ‘ഇന്ത്യൻ’. ഇക്കാരണങ്ങളാൽ തന്നെ, 24 വർഷങ്ങൾക്ക് ശേഷം ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയെ ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇരുനൂറു കോടി  ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍.

സിസ്റ്റത്തിനെ, അതിന്‍റെ അഴിമതികളെ, കെടുകാര്യസ്ഥതയെ തന്‍റെതായ രീതിയില്‍ വിമര്‍ശിക്കുകയും അതുമായി ഏറ്റുമുട്ടല്‍ നടത്തി കണക്കുകള്‍ തീര്‍ക്കുകയും ചെയ്യുന്ന നായകനെയാണ് ‘ഇന്ത്യനി’ല്‍ കണ്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വാഭാവികമായി ഇതിന്‍റെ തുടര്‍ച്ച തന്നെയാവും എന്നാണു കരുതപ്പെടുന്നത്. ബി ജെ പിയും സഖ്യകക്ഷികളുമായി കൊമ്പുകോര്‍ക്കുന്ന കമല്‍ഹാസന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ‘ഇന്ത്യന്‍ 2’വില്‍ എത്രത്തോളം സ്പഷ്ടമാകും, അത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിക്കും എന്നൊക്കെയുള്ളത് സിനിമാ-രാഷ്ട്രീയ ലോകം ഏറെ ആകാംഷയോടെ വീക്ഷിക്കുന്ന കാര്യങ്ങളാണ്.  രാഷ്ട്രീയത്തിൽ കൂടുതൽ​ സജീവമാകാൻ തീരുമാനമെടുത്തിരിക്കുന്ന കമൽഹാസന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കും ‘ഇന്ത്യൻ 2’ എന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തില്‍ സുപ്രധാനമായ ഒരു ചിത്രത്തിന്‍റെ ഭാവി ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് ഷൂട്ടിംഗിനിടെ ഉണ്ടായ അപകടവും തുടർന്നുണ്ടായ പ്രശ്നങ്ങളും.

 

അപ്രതീക്ഷിത അപകടം

ഫെബ്രുവരി 19-ന് പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനില്‍ ആണ് അപകടം ഉണ്ടായത്. ഭാരമേറിയ ക്യാമറ ഉപകരണങ്ങൾ വഹിച്ചിരുന്ന ഒരു ക്രെയ്ൻ തകർന്ന് വീഴുകയും മൂന്നു പേർ മരിക്കുകയും ചെയ്തു. സംവിധായകൻ ശങ്കർ ഉൾപ്പെടെ പത്ത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംവിധാന സഹായികളായ മധു (29), കൃഷ്ണ (34), നൃത്ത സഹസംവിധായകന്‍ ചന്ദ്രന്‍ (60) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ക്രെയിനിന്റെ അടിയിൽ പെട്ട് മൂന്ന് പേരും തൽക്ഷണം മരിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് കമല്‍ഹാസനും നായികയായ കാജൽ അഗർവാളും അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്.

“ഞാൻ നിരവധി അപകടങ്ങളിൽ പെട്ടിട്ടുണ്ടെങ്കിലും, ഇന്ന് നടന്ന അപകടം വളരെയധികം ഭയാനകമായിരുന്നു. എന്റെ മൂന്ന് സഹപ്രവർത്തകരെ എനിക്ക് നഷ്ടപ്പെട്ടു. എന്റെ വേദനയേക്കാൾ വലുതാണ് അവരുടെ കുടുംബാംഗങ്ങളുടെ വേദനയും അവർ കടന്നു പോകുന്ന അവസ്ഥയും. ഞാൻ അവരുടെ കുടുംബത്തിന്റെ ഭാഗമാവുകയും അവരുടെ സങ്കടങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. അവർക്ക് അനുശോചനം അറിയിക്കുന്നു,” അപകടത്തെക്കുറിച്ച് കമൽഹാസൻ കുറിച്ചതിങ്ങനെ.

Read Here: കമല്‍ഹാസന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം; മൂന്നു പേര്‍ മരിച്ചു

indian 2, indian 2 set accident, kamal haasan, kamal haasan shooting accident, kamal haasan indian 2, indian 2 set accident, kajal agarwal, shankar, chennai city news
ഭാരമേറിയ ക്യാമറ ഉപകരണങ്ങൾ വഹിച്ചിരുന്ന ഒരു ക്രെയ്ൻ തകർന്ന് വീഴുകയായിരുന്നു

ധനസഹായവുമായി കമൽഹാസനും നിർമാതാവും

അപകടം നടന്ന് മണിക്കൂറുകൾക്ക് അകത്തുതന്നെ, ക്രെയിൻ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബാംഗങ്ങൾക്ക് ധനസഹായവും ആശ്വാസവുമായി കമൽഹാസൻ എത്തി. മൂന്നു കുടുംബങ്ങൾക്കും ഒരു കോടി രൂപ വീതം ധനസഹായമാണ് കമൽ പ്രഖ്യാപിച്ചത്.

“മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ വെച്ചു നൽകുകയാണ്, നഷ്ടപ്പെട്ട ജീവനുകൾക്കുള്ള നഷ്ടപരിഹാരമല്ല ഇത്. അവരിൽ പലരും വളരെ ദരിദ്രരാണ്. മൂന്ന് വർഷം മുമ്പ് ഞാനുമൊരു അപകടത്തിൽ പെട്ടിരുന്നു, അതുപോലുള്ള അപകടങ്ങളിൽ നിന്ന് കരകയറുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. മൂന്നിൽ ഒരാൾക്ക് മാത്രമേ അത് താങ്ങാനാകൂ. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഷൂട്ടിങ് സെറ്റുകളിൽ സുരക്ഷ മുൻകരുതലുകൾ എടുക്കണം,” മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന ആശുപത്രി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച കമൽഹാസൻ പറഞ്ഞു.

“ഈ സംഭവം സിനിമാരംഗത്തെ ആളുകളുടെ സുരക്ഷയുടെ കാര്യത്തിൽ ഇപ്പോഴും ചോദ്യമുയർത്തുകയാണ്. ഒരു വ്യവസായം എന്ന നിലയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് ഞാനെന്റെ സുഹൃത്തുക്കളോട് സംസാരിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപ ബഡ്ജറ്റിലാണ് ഈ സിനിമ നിർമ്മിച്ചതെന്ന് നമ്മൾ അഭിമാനത്തോടെ പറയുമായിരിക്കും എന്നാൽ സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ല എന്നതിൽ വ്യക്തിപരമായി ഞാൻ ലജ്ജിക്കുന്നു,” എന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.

സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അപകടത്തിൽനിന്നും താനും സംവിധായകനും രക്ഷപ്പെട്ടതെന്നും അപകടമുണ്ടാക്കിയ ക്രെയിന്‍ തകര്‍ന്നുവീഴുന്നതിന് ഏതാനും മീറ്റര്‍ അകലെയാണ് താന്‍ നിന്നിരുന്നതെന്നും തനിക്കുണ്ടായ മാനസികാഘാതവും വിഷമവും പറയാന്‍ വാക്കുകളില്ലെന്നും കമൽഹാസൻ പറഞ്ഞു.

കമൽഹാസനു പിന്നാലെ, മരിച്ചവർക്കും അപകടത്തിൽ പരിക്കേറ്റവർക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ച് ലൈക്ക പ്രൊഡക്ഷൻസ് തലവൻ സുഭാസ്കരനും രംഗത്തു വന്നിരുന്നു. രണ്ടു കോടി രൂപയാണ് ലൈക്ക നഷ്ടപരിഹാരമായി നൽകിയത്. പരുക്കേറ്റവർക്ക് വേണ്ട വൈദ്യസഹായവും ചികിത്സാചെലവുകളും ലൈക്ക പ്രൊഡക്ഷൻ ഏറ്റെടുക്കുന്നതായും ലൊക്കേഷനുകളിലും മറ്റും ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾ ലൈക്ക പ്രൊഡക്ഷൻ എടുക്കുമെന്നും സുഭാസ്കരൻ പറഞ്ഞു.

സുരക്ഷ മുൻകരുതലുകൾ എടുക്കാതെ ചിത്രീകരണം നടത്തിയതിന് പൊലീസ്, നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷന് എതിരെ കേസ് എടുക്കുകയും അന്വേഷണത്തിന്റെ ഭാഗമായി കമൽ ഹാസനെയും സംവിധായകൻ ശങ്കറിനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തു.

Indian 2 movie, Indian 2 film set, Indian 2 film set accident, Indian 2 film set death toll, Crane accident on set of Indian 2, crane accident, accident on kamal haasan set, crane accident at kamal haasan set, kamal haasan indian 2, S. Shankar, Poonamallee, lyca production, lyca production subaskaran, Rs 2 crore compensation, Indian express malayalam, IE malayalam

സുരക്ഷയെ ചൊല്ലി കമലും നിര്‍മ്മാതാക്കളും തമ്മില്‍ വാക്പോര്

അപകടത്തെ തുടർന്ന് ‘ഇന്ത്യൻ 2’വിന്റെ ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ്. ലൊക്കേഷനില്‍ സുരക്ഷ ഉറപ്പു വരുത്തിയാല്‍ ഷൂട്ടിങ് പുനഃരാരംഭിക്കാമെന്ന് പറഞ്ഞു കൊണ്ട് കമല്‍ ഹാസന്‍ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് സ്ഥാപകനും ചെയര്‍മാനുമായ സുഭാസ്‌കരന്‍ ആലിരാജയ്ക്ക് കത്തയച്ചു. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ‘ഇന്ത്യന്‍ 2’ സെറ്റിലേക്ക് തിരിച്ചെത്തുകയില്ലെന്നും കമൽ കത്തിൽ വ്യക്തമാക്കി. ഷൂട്ടിങ് നടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും സംഘത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പു വരുത്തണമെന്നുമാണ് കത്തിലെ ആവശ്യം.

“ഏതൊരു ഷൂട്ടിങ്ങും ആരംഭിക്കുന്നതിന് മുമ്പ് എല്ലാ സുരക്ഷാ ചട്ടങ്ങളും ഉറപ്പു വരുത്തണം. അത്തരം നടപടികളിലൂടെ മാത്രമേ പ്രൊഡക്ഷന്‍ സംഘത്തിന് സുരക്ഷാ ആവശ്യങ്ങള്‍ പാലിക്കുന്നുവെന്ന് കാണിക്കാനും ഷൂട്ടിങ്ങിന് തിരിച്ചെത്താന്‍ താനടക്കമുള്ള താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം തിരിച്ചുകൊണ്ടു വരാനും കഴിയൂ”വെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

കമൽഹാസന്റെ കത്തിന് മറുപടിയുമായി ലൈക്ക പ്രൊഡക്ഷന്റെ ഡയറക്ടറായ നീൽകാന്ത് നാരായൺപൂര്‍ എത്തി.

“ഞങ്ങൾ നിങ്ങളുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു, നിങ്ങൾ മോർച്ചറിയിൽ എത്തി 15 മിനിറ്റുകൾക്ക് അകത്ത് തന്നെ ഞങ്ങളും അവിടെ എത്തിയിരുന്നു. ആ സമയത്ത് തന്നെ ലൈക്കയുടെ പ്രതിനിധി സുഭാസ്‌കരൻ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും രണ്ട് കോടി രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചികിത്സാചെലവുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. നിങ്ങളുടെ കത്ത് ലഭിക്കുന്നതിന് മുൻപ് തന്നെ ഈ നടപടികളെല്ലാം ഞങ്ങൾ സ്വീകരിച്ചിരുന്നു, ഇതൊന്നും താങ്കളുടെ ശ്രദ്ധയിൽപ്പെടാതിരുന്നത് നിർഭാഗ്യകരമാണ്,” കത്തിൽ നീൽകാന്ത് പറയുന്നു. കമലിന്റെ കൂടി നിയന്ത്രണത്തില്‍ ആയിരുന്ന ലൊക്കേഷനിലാണ് അപകടം നടന്നതെന്ന ഓർമ വേണമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

“നിങ്ങൾക്ക് അറിയാവുന്നതു പോലെ തന്നെ, ഇത്തരം അപകടങ്ങളെ ഒന്നിച്ചുള്ള ഉത്തരവാദിത്വമായി കണ്ട് തിരുത്തുകയാണ് വേണ്ടത്. ഞങ്ങൾ ഏർപ്പെടുത്തിയ സുരക്ഷ മാനദണ്ഡങ്ങൾക്ക് ഒപ്പം തന്നെ, താങ്കളെ പോലെ പ്രാഗത്ഭ്യവും അനുഭവസമ്പത്തുമുള്ള ഒരു കലാകാരന്റെയും സാങ്കേതിക വിദഗ്ദ്ധന്റെയും ശങ്കറിനെ പോലെ അനുഭവപരിചയമുള്ള ഒരു മുതിർന്ന സംവിധായകന്റെയും മേൽനോട്ടത്തിലാണ് ചിത്രീകരണമെന്നത് ഞങ്ങൾക്ക് ഇരട്ടി ആത്മവിശ്വാസം നൽകിയിരുന്നു. മുഴുവൻ ഷൂട്ടിംഗും നടന്നത് നിങ്ങളുടെയും സംവിധായകന്റെയും നിയന്ത്രണത്തിലും മേൽനോട്ടത്തിലുമായിരുന്നുവെന്ന് ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ.”

സുരക്ഷിതമായ അന്തരീക്ഷം ഉറപ്പു വരുത്തുന്നതിൽ ലൈക്ക പ്രൊഡക്ഷൻസിന് വീഴ്ച വന്നിട്ടില്ലെന്നും നിർമാതാക്കൾ കത്തില്‍ വ്യക്തമാക്കുന്നു. പ്രൊഡക്ഷനിലെ ഓരോ അംഗങ്ങൾക്കും ഉൾപ്പെടെ മുഴുവൻ പ്രൊഡക്ഷനും കവർ ചെയ്യുന്ന ഇൻഷുറൻസ് പരിരക്ഷയും കമ്പനി എടുത്തിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

നടുക്കം മാറാതെ സംവിധായകന്‍

അപകടം കണ്ട നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല സംവിധായകൻ ശങ്കറിന്. ‘ആ ക്രെയിൻ എന്റെ തലയിൽ വീണിരുന്നെങ്കിൽ എന്നു ഞാനാശിച്ചു പോകുകയാണ്’ എന്നാണ് ശങ്കർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

“വളരെ സങ്കടത്തോടെയാണ് ഞാൻ ഈ ട്വീറ്റ് ചെയ്യുന്നത്. ദാരുണമായ ആ സംഭവത്തിനു ശേഷം വല്ലാത്തൊരു നടുക്കത്തിലാണ്. ഉറക്കമില്ലാത്ത രാത്രികളാണ്. എന്റെ അസിസ്റ്റന്റ് ഡയറക്ടറെയും ക്രൂവിനെയും നഷ്ടപ്പെട്ടു. ആ ക്രെയിൻ എന്റെ തലയിൽ വീണിരുന്നെങ്കിൽ എന്നു ഞാനാശിക്കുകയാണ്.” ശങ്കർ കുറിക്കുന്നു.

ശങ്കറിന്റെ സംവിധാന ജീവിതത്തിലെയും നാഴികക്കല്ലാകുന്ന ചിത്രമാണ് ‘ഇന്ത്യന്‍ 2.’

Read Here: Director Shankar on Indian 2 accident: It would’ve been better if the crane fell on me

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Indian 2 accident kamal haasan lyca productions