പഴകുംതോറും തിളക്കമേറുന്ന, കൗതുകം സമ്മാനിക്കുന്ന ചില ചിത്രങ്ങളുണ്ട്. അത്തരമൊരു ചിത്രം പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ. ചിത്രത്തിൽ രണ്ടു കുട്ടികൾക്കൊപ്പം ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സുരേഷ് ഗോപിയെ കാണാം. സൂക്ഷിച്ചുനോക്കിയാൽ ആ കുട്ടികളിൽ ഒരാളെ തിരിച്ചറിയാനാവും. സഹസംവിധായകനായി തുടക്കം കുറിച്ച്, ചെറിയ റോളുകളിലൂടെ അഭിനയരംഗത്ത് എത്തുകയും ഇന്ന് മലയാളസിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാവുകയും ചെയ്ത സൗബിൻ ഷാഹിർ ആണ് ആ കുട്ടി. ‘ഇൻ ഹരിഹർനഗർ’ സിനിമയുടെ ലൊക്കേഷനിൽ വെച്ചെടുത്ത ഈ ചിത്രം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സൗബിൻ പങ്കുവച്ചത്.

Suresh Gopi, soubin Shahir childhood photo, in harihar nagar location

നിർമ്മാതാവും അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ കൺട്രോളറുമായിരുന്ന സൗബിന്റെ പിതാവ് ബാബു ഷാഹിർ ഇൻ ഹരിഹർ നഗറിൽ വർക്ക് ചെയ്തിരുന്നു. ഫാസിലിന്റെയും സിദ്ദിഖ്-ലാൽമാരുടെയുമെല്ലാം ആദ്യകാല ഹിറ്റ് ചിത്രങ്ങളുടെ ലൊക്കേഷനിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബാബു ഷാഹിർ. മണിച്ചിത്രത്താഴ്, ഗോഡ് ഫാദർ, ഇൻ ഹരിഹർനഗർ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം അണിയറയിൽ ബാബു ഷാഹിറും ഉണ്ടായിരുന്നു.

Read more: മമ്മൂട്ടിയ്ക്ക് പിന്നിൽ പരുങ്ങി നിൽക്കുന്ന ഈ പയ്യനെ മനസ്സിലായോ?

മലയാളസിനിമയിലേക്ക് അപ്രതീക്ഷിതമായി ലഭിച്ചൊരു അഭിനേതാവാണ് സൗബിൻ സാഹിർ. സിനിമാ സംവിധാനമെന്ന സ്വപ്നവുമായി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സംവിധായകരുടെ സഹായിയായി നടക്കുന്നതിനിടയിലാണ് ക്യാമറയ്ക്ക് പിറകിൽ നിന്നും മുൻപിലേക്കുള്ള സൗബിന്റെ കടന്നുവരവ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ കയറി വന്ന് ഒടുവിൽ മലയാളസിനിമയിൽ നായകനായും സൗബിൻ തിളങ്ങി. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വരെ നേടിയെടുത്ത സൗബിൻ മലയാളസിനിമയുടെ വലിയൊരു പ്രതീക്ഷയാണിന്ന്.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളുടെ ഇടയിലാണ് സൗബിന്റെ സ്ഥാനം എന്നാണ് പ്രശസ്ത സിനിമോട്ടോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവൻ വിശേഷിപ്പിച്ചത്. സൗബിന്റെ സഹകരണമനോഭാവം, കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സ് എന്നീ ഗുണങ്ങളെയും പ്രശംസിക്കാനും സന്തോഷ് ശിവൻ മറന്നില്ല.

Read more: സൗബിൻ- ഇന്ത്യയിലെ മികച്ച അഭിനേതാക്കളിൽ ഒരാൾ; പ്രശംസയുമായി സന്തോഷ് ശിവൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook