റയീസിനുശേഷം ഷാരൂഖ് ഖാൻ നായകനാവുന്ന ചിത്രമാണ് ‘ജബ് ഹാരി മെറ്റ് സേജൾ’. അനുഷ്ക ശർമയാണ് ചിത്രത്തിലെ നായിക. സേജൾ എന്ന കഥാപാത്രമാണ് അനുഷ്കയുടേത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഷാരൂഖ് തന്റെ ആരാധകർക്ക് ഒരു വാക്ക് നൽകി. ‘സേജൾ’ എന്നു പേരുളള പെൺകുട്ടികൾ ലോകത്തിന്റെ ഏതു ഭാഗത്താണോ കൂടുതലായും ഉളളത് അവരെയൊക്കെ അവിടെയെത്തി കാണുമെന്നാണ് ഷാരൂഖ് ഉറപ്പു നൽകിയത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഷാരൂഖ് ഇക്കാര്യം അറിയിച്ചത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ രാജ്യത്തിന്രെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കത്തുകൾ ഷാരൂഖിനെ തേടിയെത്തി. ഏഴായിരത്തിലധികം കത്തുകൾ ഷാരൂഖിന് കിട്ടിയതായാണ് ഡെക്കാൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴും കത്തുകൾ വന്നുകൊണ്ടിരിക്കുന്നു. 400 ഓളം പെൺകുട്ടികൾ ഷാരൂഖിനെ കാണുക എന്ന ലക്ഷ്യത്തോട ഇതിനോടകം മന്നത്തിൽ നേരിട്ട് വന്നു കഴിഞ്ഞു. ചിലർ തങ്ങളുടെ ഐഡി കാർഡും കൊണ്ടാണ് വന്നത്. ആരാധികമാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഷാരൂഖിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശരിക്കും പാടുപെടേണ്ടി വന്നു. മന്നത്തിൽ ഷാരൂഖിനെ കാണാൻ കഴിഞ്ഞില്ലെങ്കിലും തങ്ങളെ കാണാൻ താരം നേരിട്ട് എത്തുമെന്ന പ്രതീക്ഷയിലാണ് ഒടുവിൽ പെൺകുട്ടികൾ മടങ്ങിയത്.

അതിനിടെ ഉടൻതന്നെ ഷാരൂഖ് തന്റെ ആരാധികമാര കണ്ടേക്കുമെന്നാണ് റിപ്പോർട്ട്. മൽസരത്തിൽ അഹമ്മദാബാദ് വിജയിച്ചതായാണ് വിവരം. അങ്ങനെയെങ്കിൽ സേജൾമാരെ കാണാൻ ഷാരൂഖ് ഉടൻ അവിടേക്കെത്തും. ഒപ്പം ചിത്രത്തിന്റെ സംവിധായകൻ ഇംതിയാസ് അലിയും ഉണ്ടാകും. ആരാധികമാരുടെ സാന്നിധ്യത്തിൽ ചിത്രത്തിലെ ‘രാധ’ എന്ന ഗാനം പുറത്തിറക്കുമെന്നും സൂചനയുണ്ട്.

ഇംതിയാസ് അലിയാണ് ‘ജബ് ഹാരി മെറ്റ് സേജൾ’ എന്ന ചിത്രത്തിന്റെ സംവിധായകൻ. ഓഗസ്റ്റ് നാലിനാണ് ചിത്രം തിയേറ്ററിലെത്തുക. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഷാരൂഖും അനുഷ്കയും. റബ് നേ ബനാ ദി ജോഡി (2008), ജബ് തക് ഹേ ജാൻ(2012) എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഷാരൂഖ് ഖാനും അനുഷ്‌ക ശർമ്മയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ